by webdesk1 on | 10-09-2024 08:33:54
കണ്ണൂര്‍: പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ജനഹിതം മറന്നുള്ള ഏകാധിപത്യ ശൈലിയില്‍ സഖാക്കള്‍ക്കിടയില്‍ തന്നെ പ്രതിഷേധം പ്രകടമായി തുടങ്ങിയിരിക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പാര്‍ട്ടി നേതൃത്വത്തേയും വിമര്‍ശിക്കുക മാത്രമല്ല ഇപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വരെ വിട്ടു നിന്നു തുടങ്ങിയിരിക്കുകയാണ് അണികള്‍.
പത്തനംതിട്ട കൈപ്പട്ടൂര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനം പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതാണ് ഏറ്റവും പുതിയ ഉദാഹരണം. എട്ടു പേരുടെ സ്ഥാനത്തു പങ്കെടുത്തത് രണ്ടു പേര്‍ മാത്രം. ആറു പേര്‍ വിട്ടുനിന്നു. ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് എത്തിയത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ പലയിടത്തും വിഭാഗീയതയും ചേരിതിരിവും മറനീക്കി പുറത്തു വരികയാണ്.
ലോക്കല്‍ സമ്മേളന പ്രതിനിധികളായി 3 പേരെയാണു നിര്‍ദേശിക്കേണ്ടത്. അതിനുള്ള ആളു പോലും ഇല്ലാത്ത അവസ്ഥയായിരുന്നു ബ്രാഞ്ചില്‍. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന ഏരിയാ കമ്മിറ്റി അംഗത്തോടുള്ള എതിര്‍പ്പു കാരണമാണ് അംഗങ്ങള്‍ വിട്ടു നിന്നതെന്നാണ് സൂചന. അതേസമയം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ കമ്മിറ്റി അംഗവും എത്തിയില്ല. ഇതോടെ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.