by webdesk1 on | 10-09-2024 08:52:57 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി സൂചന. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാള്‍. രണ്ടാമന്‍ പിണറായിയുടെ ബന്ധുവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണ്.
കൂടിക്കാഴ്ച വിവരം വിവാദമായതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നത്. അതിരഹസ്യമാക്കി വെച്ച കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ ബന്ധുവടക്കം അടുപ്പക്കാരുമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ട് സി.പി.എമ്മിനെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ ദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആര്‍.എസ്.എസിനും മുഖ്യമന്ത്രിക്കുമിടയിലെ ഡീല്‍ എന്ന് അവര്‍ പറയുന്നു.
2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാം മാധവിനെ കണ്ടത്. ആര്‍.എസ്.എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാം മാധവ്. സുഹൃത്തായ ആര്‍.എസ്.എസ് സമ്പര്‍ക്ക് പ്രമുഖ് കൈമനം ജയകുമാറിനൊപ്പമാണ് എം.ആര്‍. അജിത്കുമാര്‍ ഹോട്ടലില്‍ എത്തിയത്. ആര്‍.എസ്.എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയാണ് ജയകുമാര്‍. 2023 മേയില്‍ തൃശൂരില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ എം.ആര്‍. അജിത്കുമാര്‍ സന്ദര്‍ശിച്ചിരുന്നു.