by webdesk1 on | 11-09-2024 08:45:31
ബൊഗോട്ട: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ കണക്ക് കോളബിയ തിര്‍ത്തപ്പോള്‍ ബ്രസീല്‍ പരാജയപ്പെട്ടത് പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനാണ്. തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ബ്രസീല്‍ അഞ്ചാം സ്ഥാനത്തും.
പരിക്ക് മൂലം വിശ്രമത്തിലുള്ള സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയായിരുന്നു അര്‍ജന്റീന കരുത്തരായ കോളബിയയെ നേരിടാന്‍ ഇറങ്ങിയത്. പന്ത് കൈയ്യടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അര്‍ജന്റീനയായിരുന്നു മത്സരം നിയന്ത്രിച്ചതെങ്കിലും ഗോളുകള്‍ സൃഷ്ടിച്ചത് കോളബിയ ആയിരുന്നു. രണ്ടിനെതിരെ ഒരു ഗോളിനാണ് കോളബിയ അര്‍ജന്റീനയോട് കഴിഞ്ഞ കോപ്പയിലെ പകരം വീട്ടിയത്. കോളബിയയ്ക്ക് വേണ്ടി യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍.
ലോകകപ്പ് യോഗ്യത മത്സരത്തിലെ അര്‍ജന്റീനയുടെ രണ്ടാമത്തെ തോല്‍വിയാണിത്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ. പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ പഴി കേള്‍ക്കേണ്ടിവരുന്നു.