by webdesk1 on | 11-09-2024 07:52:13 Last Updated by webdesk1
തിരുവനന്തപുരം: കൂടിക്കാഴ്ച വിവാദത്തില്‍ സ്വയം പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴും എ.ഡി.ജി.പി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കുന്നതുവരെ എ.ഡി.ജി.പിക്കെതിരേ നടപടി വേണ്ടെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചെന്നാണ് വിവരം. മുഖ്യമന്ത്രി ഉറച്ച നിലപാടെടുത്തതോടെ ഘടകക്ഷികളുടെ വിയോജിപ്പ് മറികടന്ന് അജിത്കുമാറിനെതിരെ ഉടന്‍ നടപടി സ്വീകരിക്കേണ്ട എന്ന് യോഗം തീരുമാനിച്ചു.
എന്നാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കടത്ത ശിക്ഷയുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിയില്‍ അതൃപ്തിയില്ല. പരാതികള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. ആശങ്ക വേണ്ടെന്നും കുറച്ച് കാത്തിരിക്കാനും മുന്നണി യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞു.
എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ട വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആര്‍.ജെ.ഡി ഉള്‍പ്പടെയുള്ള ഘടകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ, വര്‍ഗീസ് ജോര്‍ജ് എന്നിവരും അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു.
എന്നാല്‍, എ.ഡി.ജി.പിയെ മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം കഴിയട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലടപാടെടുത്തത്. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം കൈകൊള്ളാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കില്‍ എന്താണ് ചര്‍ച്ച നടത്തിയതെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പി.വി.അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതിയിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത്കുമാറിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. പരാതികള്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തരവകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍, തെറ്റ് ചെയ്‌തെങ്കില്‍ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എല്‍.ഡി.എഫിന്റെ നിലപാട്.
അജിത്കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആര്‍.എസ്.എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എല്‍.ഡി.എഫ്. അത്തരത്തിലുള്ള ഒരു നീക്കവും സി.പി.എമ്മിന്റെയോ ഇടതു പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ല. ആരോപണം ശരിയാണെങ്കില്‍ കടുത്ത ശിഷ കൊടുക്കണം. ആ നിലപാടില്‍നിന്ന് മാറുന്നില്ല. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയില്‍ ഒരു അതൃപ്തിയും ഇല്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.