by webdesk1 on | 11-09-2024 10:44:18
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോകസഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധവുമായി ബി.ജെ.പി പിന്തുണയുള്ള സിഖ് സംഘടനാ പ്രവര്‍ത്തകര്‍. രാഹുലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കു മുന്നിലാണ് സിഖ് പ്രകോഷ്ഠ് ഓഫ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
ഇന്ത്യയില്‍ സിഖ് സമുദായത്തിന് അടക്കം മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നെന്ന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള സംഘം രാഹുലിന്റെ വസതിയ്ക്കു മുന്നില്‍ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.
വസതിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലിലേയ്ക്കെത്തിയതോടെ ബിജെപി നേതാവ് ആര്‍.പി. സിങ് അടക്കമുള്ളവരെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ അപമാനിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ആര്‍.പി സിങ് ആവശ്യപ്പെട്ടു.
വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശത്തിനെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തുകയാണെന്നും രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.