by webdesk1 on | 12-09-2024 08:54:10
തിരുവനന്തപുരം: ജനങ്ങള്‍ക്കുമേല്‍ അധിക ഭാരം ഏല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി വീണ്ടും തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.
വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് കാരണം നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട പോകാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. 6400 കോടി രൂപയുടെ കുറവാണ് നിലവില്‍ ബോര്‍ഡിനുള്ളത്. ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ 14 രൂപയില്‍ അധികം കെ.എസ്.ഇ.ബിക്ക് ചെലവ് വരുന്നുണ്ട്. യൂണിറ്റിന് 30 പൈസയാണ് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നത്. 812.16 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധനയിലൂടെ കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
2025-26 വര്‍ഷത്തില്‍ 2.75 ശതമാനം വര്‍ധനവും 2026-27 വര്‍ഷത്തില്‍ 0.25 ശതമാനം വര്‍ദ്ധനവുമാണ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ 2024-25 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സമ്മര്‍ താരിഫ് ആയി യൂണിറ്റിന് 10 പൈസ അധികമായി ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യമുന്നയിച്ചിട്ടുണ്ട്.