by webdesk1 on | 12-09-2024 09:19:56
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് താര സംഘടനയായ അമ്മയ്ക്ക് പുറമേ ട്രേഡ് യൂണിയന്‍ മാതൃകയില്‍ തൊഴിലാളി സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20 ഓളം താരങ്ങള്‍ രംഗത്ത്. ഇക്കാര്യവുമായി ഇവര്‍ സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു.
അമ്മയുടെ പ്രവര്‍ത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴില്‍ നിഷേധം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാത്ത സംഘടനാ രീതി മാറ്റണമെന്ന ആവശ്യമുള്ളവരുമാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുര്‍ബലമായ പ്രതികരണം അമ്മയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കണ്ടത്.
അമ്മ പിളര്‍പ്പിലേക്ക് എന്നു പറയാന്‍ പറ്റില്ലെന്നും ട്രേഡ് യൂണിയന്‍ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്നാണ് തന്റെ വിവരമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അങ്ങനെ രൂപീകരിച്ചാല്‍ ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്.
സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകള്‍ ഇപ്പോള്‍ തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നല്‍കുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. അമ്മയില്‍ തുടര്‍ന്നുകൊണ്ടു പുതിയ സംഘടന രൂപീകരിക്കുമോ അതോ അമ്മയെ പിളര്‍ത്തിക്കൊണ്ട് പുതിയ സംഘടന ഉണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.