by webdesk1 on | 12-09-2024 11:49:38
ന്യൂഡല്‍ഹി: മദ്രസകള്‍ കുട്ടികള്‍ക്ക് യഥാര്‍ഥ വിദ്യാഭ്യാസം നല്‍കാന്‍ അനുയോജ്യമല്ലെന്നും ഇവിടെനിന്ന് പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസം സമഗ്രമല്ലാത്തതിനാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്‍ (എന്‍.സി.പി.സി.ആര്‍) സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
മദ്രസകള്‍ പാഠ്യപദ്ധതിയില്‍ കുറച്ച് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസം നല്‍കുകയാണെന്ന് നടിക്കുകയാണ്. സ്വേച്ഛാപരമായാണ് മമദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമവും ബാലനീതി നിയമവും ലംഘിക്കുകയാണ്. കുട്ടികള്‍ക്ക് ഔപചാരികവും മികവുറ്റതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നില്ലെന്നും കമീഷന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഭരണഘടനക്കും മതേതരത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം അലഹബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ വിധി ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്റ്റേചെയ്തു. ഇതേതുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രത്തിനും യു.പി സര്‍ക്കാറിനും ഉള്‍പ്പെടെ നോട്ടീസ് അയച്ചിരുന്നു. ഇതിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്‍ മറുപടി നല്‍കിയത്.