by webdesk1 on | 13-09-2024 06:30:07
ചെന്നൈ: സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് ട്രയ്‌നുകള്‍ വേണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് ചെയര്‍കാര്‍ വണ്ടികള്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമായ റൂട്ട് കണ്ടെത്താനാകാതെ വെറുതെയിട്ടിരിക്കുന്നു.
വന്ദേഭാരത് വണ്ടികള്‍ക്ക് ഓടാവുന്ന രീതിയില്‍ മണിക്കൂറില്‍ 130-160 കിലോമീറ്ററിനുമിടയില്‍ വേഗം കൈവരിക്കാവുന്നതും സിഗ്‌നലുകള്‍ നവീകരിച്ചതുമായ റൂട്ടുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കുറവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ലാഭകരമായ റൂട്ട് കണ്ടെത്താന്‍ കഴിയാത്തതും പ്രധാന കാരണമാണ്.
മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അധികൃതര്‍ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികള്‍ ഓടിക്കാവുന്ന രീതിയില്‍ ട്രാക്കുകള്‍ നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികള്‍ക്കുവേണ്ടി പല ഹ്രസ്വദൂര വണ്ടികളും പിടിച്ചിടേണ്ടിവരുന്നു.
എട്ട് കോച്ചുള്ള വന്ദേഭാരത് വണ്ടി ഓടുന്ന റൂട്ടില്‍ പലപ്പോഴും നാലോ, അഞ്ചോ വണ്ടികള്‍ പിടിച്ചിടുന്നു. ഈ വണ്ടികളില്‍ യാത്ര ചെയ്യുന്നത് 5000 ത്തോളം പേരാണ്. എട്ട് കോച്ചുള്ള വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത് 500 പേരും. 500 പേര്‍ യാത്ര ചെയ്യുന്നതിനായി 5000 ത്തോളം പേര്‍ വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഇത് വന്ദേഭാരത് വണ്ടികള്‍ക്കെതിരേ യാത്രക്കാരില്‍ പ്രതികൂല വികാരമുണ്ടാക്കുന്നെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
വന്ദേഭാരത് ചെയര്‍കാറിന് ഒരു ഭാഗത്തേക്ക് എട്ട് മണിക്കൂര്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. അതിനാല്‍ത്തന്നെ എട്ടു മണിക്കൂറില്‍ യാത്ര അവസാനിക്കുന്ന തിരക്കുള്ള റൂട്ടുകള്‍മാത്രമേ തിരഞ്ഞെടുക്കാനാവൂ. അര്‍ധരാത്രി മുതല്‍ രാവിലെ അഞ്ചു വരെ വന്ദേഭാരത് ചെയര്‍കാര്‍ സര്‍വീസ് നടത്താറില്ല.
എട്ട് കോച്ചുള്ള വന്ദേഭാരത് നിര്‍മിക്കാന്‍ 52 കോടി രൂപയാണ് ചെലവ്. 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് വണ്ടികളാണ് ഇപ്പോള്‍ വെറുതെയിട്ടിരിക്കുന്നത്.