by webdesk1 on | 13-09-2024 02:04:57
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പലകോണിൽ നിന്നുണ്ടായ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച കോലിളക്കം അവസാനിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവരെ നേരിട്ട് കാണാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
മൊഴി നൽകിയവരെ നേരിൽ കണ്ടു വിവരങ്ങൾ തേടും. കമ്മിറ്റി മുൻപാകെ പറഞ്ഞ കാര്യങ്ങളുടെ വിശദംശങ്ങളാണ് തേടുന്നത്. ഇവർക്ക് പരാതി ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയിതു അന്വേഷണത്തിന്റെ ഭാഗമാക്കും.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ 50 പേരാണ് സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൊഴിയായി നല്‍കിയത്. ഇവരെ അന്വേഷണ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് നേരിട്ട് കാണും. പത്ത് ദിവസത്തിനുള്ളില്‍ ഇരകളെ നേരിട്ട് കാണുന്നത് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യു.സി.സി അംഗങ്ങള്‍ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാകും അന്വേഷണ സംഘത്തിന്റെ നീക്കം. ഓണത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
പ്രത്യേക അന്വേഷണ സംഘം ഇതുവരെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞതിന് ശേഷം യോഗം ചേര്‍ന്നിട്ടില്ല. ഓണത്തിന് ശേഷം മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നത് തുടങ്ങുമെന്നാണ് വിവരങ്ങള്‍. അന്വേഷണ സംഘം യോഗം ചേര്‍ന്ന് എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കും. അതിന് ശേഷം മാത്രമേ ഇരകളെ നേരിട്ട് കാണുന്നത് തുടങ്ങുകയുള്ളു.