by webdesk1 on | 13-09-2024 10:44:12
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ചരിത്ര ഓര്‍മകള്‍ നിലകൊള്ളുന്ന പോര്‍ട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സര്‍ക്കാര്‍. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയല്‍ മുദ്രകളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പേരുമാറ്റമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസര്‍ ക്യാപ്റ്റന്‍ ആര്‍ച്ചിബാള്‍ഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന നഗരത്തിന് പോര്‍ട്ട് ബ്ലെയര്‍ എന്ന് പേരുനല്‍കിയിരുന്നത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എക്‌സില്‍ പ്രഖ്യാപിച്ചത്.
നേരത്തെയുള്ള പേര് കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തില്‍ നാം നേടിയ വിജയത്തിന്റെ സൂചകമാണെന്നും അതില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കുള്ളത്. ചോള സാമ്രാജ്യത്തിന്റെ നാവിക ആസ്ഥാനമായിരുന്നു ദ്വീപ് മേഖല. ഇന്ന് രാജ്യത്തിന്റെ തന്ത്രപ്രധാന, വികസന ലക്ഷ്യങ്ങളുടെ സുപ്രധാന കേന്ദ്രമാണിത്.
നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ വീര്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ പാര്‍പ്പിച്ചിരുന്ന സെല്ലുലാര്‍ ജയിലും ഇവിടെയാണെന്നും അമിത് ഷാ എക്‌സില്‍ പറഞ്ഞു.