by webdesk1 on | 13-09-2024 10:59:39 Last Updated by webdesk1
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ 177 ദിവസമായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍മോചിതനായി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായത്. തീഹാര്‍ ജയിലിന് പുറത്ത് വന്‍ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കെജ്രിവാളിനെ സ്വീകരിക്കാനെത്തിയത്.
എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ജയിലിന് പുറത്തെത്തിയ കെജ്രിവാള്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും.
ഇഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്കുന്നതിനു മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്‌രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്കുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് സി.ബി.ഐ അറസ്റ്റിനോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത് 22 മാസത്തിനു ശേഷമുള്ള അറസ്റ്റ് കെജ്രിവാള്‍ പുറത്തിറങ്ങുന്നത് തടയാനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സി സീസറുടെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം. കൂട്ടിലടച്ച തത്തയെന്ന് സി.ബി.ഐയെ നേരത്തെ കോടതി വിശേഷിപ്പിച്ചതാണെന്നും ജസ്റ്റിസ് ഭുയ്യാന്‍ ഓര്‍മ്മിപ്പിച്ചു. ജാമ്യം കിട്ടിയതു കൊണ്ട് കുറ്റവിമുക്തനായില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.