by webdesk1 on | 14-09-2024 08:18:33
ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നല്‍കും. യെച്ചൂരിയുടെ വസതിയില്‍ എത്തിച്ച മൃതശരീരം രാവിലെ 11 മുതല്‍ 3 വരെ സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊതുദര്‍ശനം നടക്കും.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍ ആര്‍പ്പിക്കും. എ.കെ.ജി സെന്ററില്‍ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും.
മൂന്നു തവണ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാംപസില്‍നിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാന്‍ ഇന്നലെ വൈകിട്ട് 4.56 ന് സീതാറാം യച്ചൂരിയെ എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവില്‍ ചുവന്ന റോസാദളങ്ങള്‍ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോള്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. വൈകിട്ട് ആറിനു ഡല്‍ഹി വസന്ത്കുഞ്ചിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം 19 മുതല്‍ എയിംസില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുന്‍പു വെന്റിലേറ്ററിലേക്കു മാറ്റി. വ്യാഴം ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനല്‍കുന്നത്. 2015 മുതല്‍ തുടര്‍ച്ചയായി 3 തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറല്‍ സെക്രട്ടറിയാണ്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.