News International

മാര്‍പ്പാപ്പയുടെ കണ്ണില്‍ ആരാണ് ചെറിയ തിന്മ?... ട്രംപിനും കമലയ്ക്കും വിമര്‍ശനം; ചിന്തിച്ച് വോട്ടു ചെയ്യണമെന്ന് മാര്‍പാപ്പ

Axenews | മാര്‍പ്പാപ്പയുടെ കണ്ണില്‍ ആരാണ് ചെറിയ തിന്മ?... ട്രംപിനും കമലയ്ക്കും വിമര്‍ശനം; ചിന്തിച്ച് വോട്ടു ചെയ്യണമെന്ന് മാര്‍പാപ്പ

by webdesk1 on | 14-09-2024 09:01:42 Last Updated by webdesk1

Share: Share on WhatsApp Visits: 46


മാര്‍പ്പാപ്പയുടെ കണ്ണില്‍ ആരാണ് ചെറിയ തിന്മ?... ട്രംപിനും കമലയ്ക്കും വിമര്‍ശനം; ചിന്തിച്ച് വോട്ടു ചെയ്യണമെന്ന് മാര്‍പാപ്പ


സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ട് തിന്മകളില്‍ ഏറ്റവും ചെറുതിനെ തെരഞ്ഞെടുക്കണമെന്ന് മാര്‍പാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തു. രണ്ട് പേരുടെയും നടപടികള്‍ ജീവനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഡോണള്‍ഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമര്‍ശിക്കാതെയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയില്‍ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവര്‍ ജീവിതത്തിനെതിരാണ്. ഇവയില്‍ ചെറിയ തിന്മയെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎസിലെ കത്തോലിക്കാ വിശ്വാസികള്‍ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്.? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂര്‍വം ചിന്തിച്ച് വോട്ടു ചെയ്യണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസില്‍ ഇതിനകം തന്നെ താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം തള്ളിക്കളയാനും ട്രംപ് വിസമ്മതിച്ചു.

2022 ല്‍ സുപ്രീം കോടതി അസാധുവാക്കിയ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാന്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കുന്ന ഏത് നിയമനിര്‍മ്മാണത്തിലും ഒപ്പിടാന്‍ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 11ന് ഫിലഡല്‍ഫിയയില്‍ എ.ബി.സി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തില്‍ സാമ്പത്തികരംഗം, വിദേശനയം, ഗര്‍ഭഛിദ്രം, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ട്രംപും കമല ഹാരിസും അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മാര്‍പാപ്പയുടെ വിമര്‍ശനം.

Share:

Search

Popular News
Top Trending

Leave a Comment