by webdesk1 on | 14-09-2024 01:09:15 Last Updated by webdesk1
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ സി.പി.എം ക്യാമ്പുകളില്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ നിന്ന് ആരെയെങ്കിലും പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നടത്തുന്നതെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബിക്കോ, എ.വിജയരാഘവനോ, എസ്.രാമചന്ദ്രന്‍പിള്ളയ്‌ക്കോ സാധ്യത വന്നേക്കും. ഏറെക്കാലമായി ഡെല്‍ഹി കേന്ദ്രമാക്കി പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന എം.എ. ബേബിക്കാകും സാധ്യത കൂടുതല്‍. അതോ കേരളത്തിന് പുറത്തുള്ള ആര്‍ക്കെങ്കിലുമായിരിക്കുമോ എന്നതു സംബന്ധിച്ചും ഇന്ന് ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ധാരണയില്‍ എത്തിയേക്കും.
യെച്ചൂരിയുടെ ഭൗതികദേഹം എയിംസിന് പഠനത്തിനായി കൈമാറിയതിന് ശേഷമായിരിക്കും പിബി ചേരുക. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഡെല്‍ഹിയിലുണ്ട്്. അടുത്ത ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അതുവരെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. പി.ബിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് 27 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം മുന്നില്‍ നില്‍ക്കുന്നതിനാല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടിനെ താല്‍കാലിക ചുമതല ഏല്‍പ്പിക്കുന്നതും പരിഗണനയിലുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവ് എന്നത് പരിഗണിച്ച് ബൃന്ദ കാരാട്ടിന് ചുമതല നല്‍കണമെന്ന വാദവും പ്രബലമാണ്. അതല്ല മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബിക്കും ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവലുവിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എഴുപത്തിയഞ്ച് വയസിനു മുകളിലുള്ളവര്‍ പി.ബിയില്‍ വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കില്‍ ബൃന്ദ പരിഗണിക്കപ്പെട്ടേക്കില്ല. മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പി.ബിയില്‍ നിന്നു പുറത്താവും. അതേസമയം ഏതെങ്കിലും നേതാവിന് ഇളവ് നല്‍കണമോയെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് തീരുമാനിക്കാം.
രാഘവുലുവിനും ബേബിക്കുമൊപ്പം ബംഗാളില്‍ നിന്നുള്ള നീലോത്പല്‍ ബസുവും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. പക്ഷെ ജനറല്‍ സെക്രട്ടറി പദം കേരളത്തിന് കിട്ടുന്നതിനായി സംസ്ഥാന നേതൃത്വം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. എങ്കില്‍ എ.വിജയരാഘവനും എസ.രാമചന്ദ്രന്‍പിള്ളയും സാധ്യത പട്ടികയിലേക്ക് വരും. ഇരുവരമല്ലാതെ അപ്രതീക്ഷിത പേരുകള്‍ക്കും സാധ്യത തള്ളിക്കളയാനാകില്ല.
സഖ്യകക്ഷി രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ പ്രധാന്യമേറുന്നത് കണക്കിലെടുത്ത് ബി.ജെ.പി ഇതര കക്ഷികളിലെ നേതാക്കളുമായുള്ള ബന്ധം പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായ ഘടകമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് രാഘവുലുവിന് സാധ്യത കൂട്ടുന്നുണ്ട്. എങ്ങനെയായാലും പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.