by webdesk1 on | 18-09-2024 07:17:49
ബയ്‌റുത്ത്: ലോകചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് കഴിഞ്ഞ ദിവസം ലെബനനിലുണ്ടായത്. വയര്‍ലസ് ഫോണുകള്‍ക്കൊപ്പം ഹൃസ്വ സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ രീതിയിലുള്ള ഒരു ആക്രമണം ലെബനന്‍ തീരെ പ്രതീക്ഷിച്ചിരുന്നതല്ല. നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ പോലും ശത്രുവിന്റെ യുദ്ധ ആയുധമായി മാറിയേക്കാമെന്ന് ലോകത്തെ ഭയപ്പെടുത്തുന്ന ആക്രമണം കൂടിയായിരുന്നു ഇത്.
ലെബനനിലുടനീളം ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള വാങ്ങിയ പേജറിന്റെ ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. 2,750 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ലബനീസ് സര്‍ക്കാരിന്റെ ആരോപണം.
ലെബനന്‍ പരമാധികാരത്തിന്റെ ലംഘനമായാണ് സ്‌ഫോടനത്തെ കാണുന്നതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിനിടെ ഉണ്ടായ എറ്റവും വലിയ സുരക്ഷാവീഴ്ച്ചയാണ് പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തെ ഹിസ്ബുള്ള കാണുന്നത്. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറായിട്ടില്ല.
ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ലെബനനിലെ ഇറാന്‍ അംബാസഡറായ മൊജ്താബ അമാനിക്ക് പരുക്കേറ്റിട്ടുണ്ട്. നിലവില്‍ അമാനി നിരീക്ഷണത്തിലാണ്. സ്‌ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഹിസ്ബുള്ള അറിയിച്ചു.
ആക്രണത്തോടെ മധ്യേഷ്യ വീണ്ടും കലുഷിതമാകുമെന്ന ആശങ്ക ഉയരുകയാണ്. ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഇതോടൊപ്പം കനക്കുന്നുണ്ട്.