by webdesk1 on | 18-09-2024 08:20:09
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. കണക്കുകള്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്റെ തെളിവാണ് പുറത്തുവന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.
ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും പിന്നാലെ സത്യവാങ്മൂലത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നല്‍കുകയും ചെയ്ത മെമ്മോറാണ്ടത്തില്‍ ഇനം തിരിച്ച് അവതരിപ്പിച്ച ചെലവ് കണക്കുകളാണ് അമ്പരപ്പിക്കുന്ന കണക്കുകളായി പുറത്തുവന്നത്. സൈന്യത്തിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടെയും താമസത്തിന് 15 കോടി, ഭക്ഷണത്തിന് 10 കോടി തുടങ്ങി ടോര്‍ച്ചും കുടകളും റെയിന്‍ കോട്ടും വാങ്ങാന്‍ പോലും കോടികള്‍ ചെലവ് കാണിച്ചുള്ള കണക്കുകള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
മെമ്മോറാണ്ടത്തില്‍ ഉള്ളത് ചെലവ് കണക്കുകള്‍ അല്ലെന്നും ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ ആവശ്യങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയായിപ്പോയെന്നുമാണ് പ്രതിപക്ഷ വിമര്‍ശനം.
മെമ്മോറാണ്ടത്തില്‍ ആക്ച്വല്‍സ് എന്ന രീതിയില്‍ അവതരിപ്പിച്ചത് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത ചെലവ് ഇനങ്ങളെയാണെന്നും അതില്‍ പരമാവധി തുക ആവശ്യപ്പെടാനാണ് ശ്രമിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എസ്റ്റിമേറ്റിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ചിലവ് അത്ഭുതപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം സൗജന്യമാണ്. മുന്‍ അനുഭവം ഉള്ളത് കൊണ്ടാണ് ജനങ്ങള്‍ സംശയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ട രീതിയിലുള്ള കണക്ക് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു.
ഒരേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും ദുരിതബാധിതര്‍ക്കുള്ള കേന്ദ്രസഹായം തടയാനും ലക്ഷ്യമിട്ടുള്ള ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണ് ഈ വിവാദം എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഉരുള്‍പ്പൊട്ടല്‍ ദുരന്ത കണക്ക് വിവാദത്തില്‍ അസത്യ പ്രചാരണമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേന്ദ്ര ഫണ്ട് കിട്ടാത്തത് ധൂര്‍ത്ത് കാരണമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യമെന്നും റിയാസ് കുറ്റപ്പെടുത്തി. എന്നാല്‍ വിവാദത്തില്‍ മാധ്യമങ്ങളെ പഴിചാരുകയാണ് മന്ത്രി എം.ബി. രാജേഷ് ചെയ്തത്.