by webdesk1 on | 18-09-2024 08:46:49
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള അരവിന്ദ് കെജരിവാളിന്റെ രാജി. അതും പറഞ്ഞ സമയത്തിനുള്ളില്‍. മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് രാജിക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
രാഷ്ട്രീയത്തിലെ ചാണക്യന്മാരെ പോലും മലര്‍ത്തിയടിച്ചുകൊണ്ട് മൂന്ന് തവണ ഡല്‍ഹിയുടെ ഭരണസാരഥ്യം നേടിയെടുത്ത കെജരിവാള്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുപോലും രാഷ്ട്രീയതന്ത്രമായാണെന്ന വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉത്തരവാദത്വത്തില്‍ നിന്ന് മാറി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയ്ക്ക് ആംആദ്മി തിരഞ്ഞെടുപ്പിന് സജ്ജമാക്കുക. ബാറ്റണ്‍ അതിഷിക്ക് കൈമാറിയതിലൂടെ ഉന്നം വയ്ക്കുന്നതും അതാണ്.
മദ്യനയ അഴിമതി കേസില്‍ താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മാസങ്ങളോളം ജയിലില്‍ കിടന്നതുകാരണം ജനങ്ങള്‍ക്കിടയിലുണ്ടായ അവമതിപ്പും ആശയക്കുഴപ്പവും പരിഹരിക്കുക എന്നതാകും കെജരിവാളിന്റെ ആദ്യം ശ്രമം. താഴേത്തട്ട് വരെ ഇറങ്ങി പ്രവര്‍ത്തിച്ച് പ്രതിച്ഛായ വീണ്ടെടുക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
പദയാത്രകള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ നൂറുദിന കര്‍മപദ്ധതി ഇതിനായി തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് വിവരം. മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടികളില്‍ കെജരിവാളിനൊപ്പം കൈകോര്‍ക്കുമെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തനിക്ക് സമാനമായി ജയിലില്‍ കിടന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കും കെജ്രിവാള്‍ ചുക്കാന്‍ പിടിക്കും.