News Kerala

സംസ്ഥാനത്തും കുരുങ്ങുപനി; സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്; എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

Axenews | സംസ്ഥാനത്തും കുരുങ്ങുപനി; സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്; എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

by webdesk1 on | 18-09-2024 11:17:59 Last Updated by webdesk1

Share: Share on WhatsApp Visits: 15


സംസ്ഥാനത്തും കുരുങ്ങുപനി; സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്; എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത


കൊച്ചി: അഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കണ്ടുവരുന്ന എംപോക്‌സ് (കുരങ്ങുപനി) കേരളത്തിലും. കേരളത്തിലെ ആദ്യ എംപോക്സ് കേസ് മലപ്പുറത്ത് സ്ഥിരീകരിച്ചു. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്നാണ് ഇദ്ദേഹം മലപ്പുറത്ത് എത്തിയത്. മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ഒരാഴ്ച മുന്‍പ് ദുബായില്‍ നിന്ന് എത്തിയതായിരുന്നു മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരന്‍. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതാണ് അധികൃതരില്‍ എംപോക്‌സ് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് രോഗസ്ഥിരീകരണത്തിനായി സ്രവസാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് മങ്കിപോക്‌സ് എന്നറിയപ്പെടുന്ന എംപോസ്‌ക്. ആരംഭത്തില്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നെങ്കിലും ഇപ്പോള്‍ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്കു സാദൃശ്യമുണ്ട്.

മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മേയ് മുതല്‍ ഇഗ്ലണ്ട് സ്പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്മോള്‍ പോക്സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്സ് വൈറസാണ് എംപോക്സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ്.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.


Share:

Search

Popular News
Top Trending

Leave a Comment