by webdesk1 on | 19-09-2024 08:42:41
മാഞ്ചസ്റ്റര്‍: പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇറ്റാലിയന്‍ കരുത്തര്‍ക്ക് മേല്‍ വിജയം നേടാനാകാതെ ഇംഗ്ലീഷ് ഫുട്‌ബോള്‍ രാജാക്കന്മാര്‍. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പോരിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനത്തെത്തിയ ഇന്റര്‍ മിലാന്‍. അതും സിറ്റിയുടെ സ്വന്തം തട്ടകത്തില്‍.
കഴിഞ്ഞ വര്‍ഷം ഏകപക്ഷീയമായ ഒറ്റ ഗോളില്‍ തങ്ങളെ കീഴടക്കിയ സിറ്റിയെ ഇത്തവണ മിലാന്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ കളിയില്‍ മേധാവിത്തം ആതിഥേയര്‍ക്കായിരുന്നെങ്കിലും മിലാന്റെ പ്രതിരോധത്തെ തളര്‍ത്താന്‍ ആയില്ല. കൗണ്ടര്‍ അറ്റാക്കിങുകളുമായി ഇടയ്‌ക്കൊക്കെ സിറ്റിയെ പേടിപ്പിച്ച മിലാനും അതൊന്നും ഗോളാക്കി മാറ്റാനും കഴിഞ്ഞില്ല.
ഇതിനിടെ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയതും സിറ്റിക്ക് തിരിച്ചടിയായി. താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണോയെന്ന് വ്യക്തമായിട്ടില്ല. സിറ്റിക്കായി നൂറാം ഗോള്‍ തേടിയിറങ്ങിയ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ലെന്നതും സിറ്റിയെ സംബന്ധിച്ച് നിരാശ സമ്മാനിക്കുന്നതായിരുന്നു.
ഡിബ്രൂയിനെക്ക് പകരക്കാരനായി രണ്ടാം പകുതിയിലെത്തിയ ഫില്‍ ഫോഡന്റെയും പ്രതിരോധ നിരയിലെത്തിയ ജോസ്‌കോ ഗാര്‍ഡിയോളിന്റെയുമെല്ലാം ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ എല്ലാം വിദഗ്ധമായി സേവ് ചെയ്തു. പകരക്കാരനായി ഇറങ്ങിയ എല്‍കേ ഗുണ്ടോഗന്റെ രണ്ട് ഹെഡറുകളും ലക്ഷ്യത്തിലെത്തിയില്ല.
മിലാനും മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളടിക്കുന്നതില്‍ പരാജയപ്പെട്ടു. സ്വന്തം മണ്ണില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിന് 40 ാം തവണ ഇറങ്ങിയ സിറ്റി ആദ്യമായാണ് ഗോളടിക്കുന്നതില്‍ പരാജയപ്പെടുന്നത്. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി എതിരില്ലാത്ത ഒറ്റ ഗോളിന് സ്പാനിഷ് ക്ലബ് ജിറോണയെയും ഡോട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഷിനെ കീഴടക്കി.