by webdesk1 on | 19-09-2024 08:52:22
ന്യുയോര്‍ക്ക്: സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം ചേരാനിരിക്കെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. വെള്ളിയാഴ്ചയാണ് യോഗം ചേരുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലെബനനിലെ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 450 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് വിവരം. ഇന്നലത്തെതിന് സമാനമായ രീതിയിലാണ് ലബനനില്‍ ഉടനീളം പൊട്ടിത്തെറികള്‍ ഉണ്ടായത്. സംഭവത്തിനു പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ ആരോപണത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും ഉള്‍പ്പെടെ കേടുപാടുണ്ടായെന്നാണു വിവരം. സംസ്‌കാരച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ വാക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. ഇസ്രയേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതോടെ ലബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഭാഗത്തേക്ക് സൈനികരെ ഇസ്രയേല്‍ മാറ്റി.