by webdesk1 on | 19-09-2024 09:11:46
തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ ലൈംഗികാതിക്രമവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം. ഇന്നലെ ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണു തീരുമാനം.
ഇവരില്‍ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.
പ്രമുഖ താരങ്ങള്‍ക്കെതിരെയും ഗൗരവ മൊഴികളുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ മൊഴിയില്‍ ഉറച്ച് നിന്നാലും കേസ് നല്‍കാന്‍ പരാതിക്കാര്‍ തയാറാകുമോയെന്ന ആശങ്ക പ്രത്യേക അന്വേഷണ സംഘത്തിനുണ്ട്. പരാതി നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുക പ്രയാസമാകും.
ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമുണ്ടാവുക.
3896 പേജുകളുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മൊഴി നല്‍കിയവരില്‍ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്.