by webdesk1 on | 20-09-2024 07:46:39
കണ്ണൂര്‍: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിന്റെ അലയൊലികള്‍ 12 വര്‍ഷമായിട്ടും നിലച്ചിട്ടില്ല. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ കേസില്‍നിന്ന് വിടുതല്‍ നേടാനുള്ള സി.പി.എം. നേതാക്കളായ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും ഹര്‍ജി കോടതി തള്ളിയതോടെ വീണ്ടും വിഷയം ചര്‍ച്ചയായിരിക്കുകയാണ്.
എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ എന്നറിയപ്പെടുന്ന കീഴറയില്‍ അബ്ദുള്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കണ്ണൂര്‍ കണ്ണപുരത്തിന് സമീപം കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സക്കറിയയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം ചെറുകുന്ന് കീഴറയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ടശേഷം പി.ജയരാജനും ടി.വി.രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍െവച്ചാണ് കൊലപാതകത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2012 മാര്‍ച്ച് 22 ന് 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും വാടി രവിയുടെ മകന്‍ ബിജുമോനും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. മേയ് 26ന് ഗൂഢാലോചനയിലെ പ്രധാന പങ്കാളി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു. ജൂണ്‍ 12 ന് ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ ചോദ്യംചെയ്തു. പിന്നീച് 34 പേരെക്കൂടി കേസില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക നീട്ടി. ജൂലായ് അഞ്ചിന് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗവും മൊറാഴ ലോക്കല്‍ കമ്മിറ്റിയംഗവുമായ എ.വി. ബാബുവിനെ അറസ്റ്റ്‌ചെയ്തു. ജൂലായ് 20ന് ടി.വി. രാജേഷിനെ ചോദ്യംചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല. എന്നാല്‍ ഓഗസ്റ്റ് 1ന് പി.ജയരാജനെ കേസില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വീണ്ടും അരിയില്‍ ഷുക്കൂര്‍ വധക്കേസ് ചര്‍ച്ചയായിരുന്നു. കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ടി.പി.ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.