News Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന പ്രതിയും ഏഴ് വര്‍ഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്; കേസില്‍ ഇനി എന്ത് സംഭവിക്കും: വന്‍ സ്രാവുകള്‍ രക്ഷപെടുമോ?

Axenews | നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന പ്രതിയും ഏഴ് വര്‍ഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്; കേസില്‍ ഇനി എന്ത് സംഭവിക്കും: വന്‍ സ്രാവുകള്‍ രക്ഷപെടുമോ?

by webdesk1 on | 20-09-2024 08:21:12

Share: Share on WhatsApp Visits: 16


നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന പ്രതിയും ഏഴ് വര്‍ഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്; കേസില്‍ ഇനി എന്ത് സംഭവിക്കും: വന്‍ സ്രാവുകള്‍ രക്ഷപെടുമോ?


കൊച്ചി: കേരളത്തെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകളായിരക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ജയിലിന് പുറത്തേക്ക് ഇറങ്ങുന്നു.

വിചാരണ അനന്തമായി നീണ്ടുപോകുന്നതിനോടുള്ള കോടതിയുടെ അതൃപ്തികൂടിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കാനുള്ള വഴിയായത്. പള്‍സര്‍ സൂനി പുറത്തിറങ്ങുന്നതോടെ ഈ കേസിലെ അവസാന പ്രതിയും ജയിലിന് പുറത്താകും.

വിചാരണക്കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തില്‍ നാളെയോ തിങ്കളാഴ്ചയോ ഇക്കാര്യത്തില്‍ തീരുമാനമായേക്കാം. വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോടടക്കം സംസാരിക്കുന്നതില്‍നിന്നു വിലക്കാന്‍ സാധ്യതയുണ്ട്.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലും കോട്ടയത്തെ ഒരു മോഷണക്കേസിലും പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കേണ്ടതുണ്ട്. ഈ കേസുകളില്‍ ജാമ്യം ലഭിച്ചേക്കുമെന്ന് തന്നെയാണ് സുനി പ്രതീക്ഷിക്കുന്നതും.

2017 ഫെബ്രുവരി 17നാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന നടിയുടെ കാറില്‍ അങ്കമാലി അത്താണിക്കു സമീപം വച്ച് മറ്റൊരു വാഹനം ഇടിപ്പിച്ചു. തുടര്‍ന്ന് കാറില്‍ അതിക്രമിച്ചു കയറിയ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ചെന്നാണ് കേസ്.

നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ സംഭവമുണ്ടായ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ പള്‍സര്‍ സുനിയേയും സുഹൃത്ത് വിജീഷിനേയും ഒരാഴ്ച കഴിഞ്ഞാണ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 10ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു.

പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ പുറത്തിറങ്ങിയത് ഒഴിച്ചാല്‍ അന്നു മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്. പള്‍സര്‍ സുനി ഏഴര വര്‍ഷത്തിനു ശേഷം ആദ്യമായി ജയിലില്‍ നിന്നിറങ്ങുമ്പോള്‍ എന്തു സംഭവിക്കും എന്ന ഉദ്വേഗമാണ് ബാക്കി. ഈ കേസിനു പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് 2017 ജൂലൈയില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനി നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകളായിരുന്നു.

പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ലി തോമസ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യം ലഭിച്ച് ഇനി പുറത്തിറങ്ങാനുള്ളത് പള്‍സര്‍ സുനി മാത്രമാണ്.

Share:

Search

Popular News
Top Trending

Leave a Comment