by webdesk1 on | 20-09-2024 11:12:23
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയച്ച ആരോപണങ്ങളില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് സംഘം തിങ്കളാഴ്ച മുതല്‍ അന്വേഷണം തുടങ്ങും. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി ജോണ്‍കുട്ടിക്കാണ് പ്രാഥമിക അന്വേഷണ ചുമതല. എറണാകുളം സ്വദേശിയുടെയും പി.വി. അന്‍വറിന്റെയും പരാതികളാണ് വിജിലന്‍സ് അന്വേഷിക്കുക.
അനധികൃത സ്വത്ത് സമ്പാദനം, ഓണ്‍ലൈന്‍ ചാനലുടമയില്‍നിന്ന് കൈക്കൂലി, ബന്ധുക്കളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി, ബന്ധുക്കളെ ഉപയോഗിച്ച് സ്വര്‍ണ ഇടപാടുകള്‍, സ്വര്‍ണം കടത്തലിലൂടെ വന്‍തോതില്‍ പണമുണ്ടാക്കി ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമോ എന്ന് തീരുമാനിക്കുക.
അതേസമയം, സംസ്ഥാന പോലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പ്രധാനിയായ എ.ഡി.ജി.പിക്കെതിരായ അഴിമതി ആരോപണങ്ങള്‍ ജൂണിയറായ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതിലെ പൊരുത്തക്കേട് സേനയിലടക്കം ചര്‍ച്ചയായിട്ടുണ്ട്. മലപ്പുറം ജില്ല പോലീസ് മേധാവിയായിരുന്ന സുജിത് ദാസിനെതിരായ അന്വേഷണവും തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് തന്നെ നടത്തും.
വിജിലന്‍സിന്റെ പ്രാഥമിക പരിശോധന ആരംഭിക്കാനിരിക്കെ ക്രമസമാധന ചുമതലയില്‍നിന്ന് അജിത്തിനെ മാറ്റുന്നതില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. അജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ശക്തമായ സമര്‍ദമാണ് എല്‍.ഡി.എഫില്‍ സി.പി.ഐ അടക്കം ഘടകകക്ഷികള്‍ ഉയര്‍ത്തുന്നത്. തൃശൂര്‍ പൂരം കലക്കിയതിന് പിന്നിലെ അന്വേഷണം പൂഴ്ത്തിയതിലും അജിത്തിന് ബന്ധമുണ്ടെന്നാണ് സി.പി.ഐ ആരോപണം.
എന്നാല്‍, എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരുന്നത്. ഇതില്‍ സി.പി.എമ്മിനുള്ളിലും അതൃപ്തി ശക്തമാണ്. എ.ഡി.ജി.പി വിവാദം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് ആദ്യമാണ്. ആര്‍.എസ്.എസ് ദേശീയനേതാക്കളുമായി അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരികയാണ്.
അജിത്കുമാറിനെതിരെ അന്വേഷിക്കുന്നത്.