by webdesk1 on | 21-09-2024 08:18:35 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെ സംരക്ഷിച്ച് നിര്‍ത്തിയത് വഴി വല്ലാത്ത ഊരാക്കുടുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നു പെട്ടിരിക്കുന്നത്. മുന്നണിക്കിടയില്‍ നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അജിത്കുമാറിനെതിരെ വികാരം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഏക നിര്‍ബന്ധത്തില്‍ മാത്രമാണ് അജിത്കുമാര്‍ ഇപ്പഴും സ്ഥാനത്ത് തുടരുന്നത്. ഇതിനിടെ, പേരിനാണെങ്കില്‍ പോലും വിജിലന്‍സ് അന്വേഷണം കൂടി വന്നതോടെ അജിത്കുമാറിനെ കൈവിടേണ്ട അവസ്ഥയിലായി മുഖ്യമന്ത്രിയും.
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പൊതുസമൂഹത്തിന് മുന്നില്‍ വച്ചേക്കും. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഒരുന്വേഷണവും നടന്നിട്ടില്ല എന്ന് വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതിലുള്ള മറുപടിയും ആകും അത്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും അതു നടന്നില്ല എന്നുവന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ കൂടുതല്‍ മോശമാക്കും. അതൊഴുവാക്കാന്‍ കൂടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
മാത്രമല്ല അജിത്കുമാറിനെതിരെ ശിക്ഷാനടപടി പ്രഖ്യാപിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം വേറെയുമില്ല. പൂരം നടത്തിപ്പിലെ ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അജിത്കുമാറിനെതിരെയുള്ള നടപടി പ്രഖ്യാപിച്ച് മുന്നണിയിലെ എതിര്‍പ്പുകളെ തല്‍ക്കാലം ഇല്ലാതാക്കാമെന്നതാകും പിണറായി വിജയനും കരുതുന്നുണ്ടാകുക.
പൂരം നാളില്‍ ആര്‍.എസ്.എസ് നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ സംരക്ഷിച്ചുനിര്‍ത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയര്‍ന്നതും ഇടതുപക്ഷത്തുനിന്നുതന്നെയുമാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിര്‍ണായകമാണ്. അതിനാല്‍, ഇനിയും വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്‌നം തീര്‍ക്കാനുള്ള ആലോചനയാണ് നടക്കുന്നത്.
എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്കും ആര്‍.ജെ.ഡിക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്. പാര്‍ട്ടി സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും.മാത്രമല്ല ഒക്ടോബര്‍ നാലിന് നിയമസഭാസമ്മേളനവും തുടങ്ങുകയാണ്. സഭാതലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും, എ.ഡി.ജി.പി അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. മുന്നണിയില്‍ത്തന്നെ തര്‍ക്കമുണ്ടാകുമ്പോള്‍, പ്രതിപക്ഷത്തെ നേരിടുക എളുപ്പമാകില്ല. അതിനാല്‍ സഭാസമ്മേളനം തുടങ്ങുന്നതിനുമുന്‍പ് തന്നെ അജിത്കുമാറിനെ മാറ്റിനിര്‍ത്തണം.
ആരോപണമുയരുമ്പോള്‍ അതിന്റെ വസ്തുത പരിശോധിക്കാതെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കാറുള്ളത്. ആ വാദത്തിലാണ് അജിത്കുമാറിന് കവചമൊരുക്കിയത്. അജിത്കുമാറിനെതിരേയുണ്ടായ ക്രിമിനല്‍ ആരോപണങ്ങളില്‍ അന്വേഷണത്തിനുശേഷം നടപടിയെന്ന വാദം സഖ്യകക്ഷികള്‍ അംഗീകരിച്ചേക്കും. എന്നാല്‍, ആര്‍.എസ്.എസ് നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച ഒരു രാഷ്ട്രീയപ്രശ്‌നമാണ്. ഇതില്‍ അന്വേഷണം കഴിഞ്ഞ് നടപടിയെന്ന മുഖ്യമന്ത്രിയുടെ വാദം ഇടതുകക്ഷികള്‍ക്ക് ദഹിക്കുന്നതല്ല.
പോലീസ് ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തേക്ക് സ്ഥാനത്തുനിന്ന് മാറ്റരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എ.ഡി.ജി.പിയെ മാറ്റുന്നതിനുള്ള തടസ്സവാദമായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ആ വിധി എ.ഡി.ജി.പിക്ക് ബാധകമാകില്ലെന്ന് സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു വ്യക്തതവരുത്തിയിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയമായുമുള്ള നീക്കങ്ങള്‍ പി.വി. അന്‍വര്‍ എം.എല്‍.എയും കടുപ്പിക്കുന്നുണ്ട്. പി. ശശിക്കെതിരേയുള്ള പരാതി രേഖാമൂലംതന്നെ അന്‍വര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.