by webdesk1 on | 21-09-2024 08:41:43
മലപ്പുറം: എ.ഡി.ജി.പി അജിത്കുമാറിന് പിന്നാലെ പി.ശശിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പി.വി. അന്‍വര്‍ എം.എല്‍.എ. എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ എട്ടുദിവസം വൈകിപ്പിച്ച് എത്തിച്ചത് പി.ശശിയാണെന്ന് അന്‍വര്‍ തുറന്നടിച്ചു. ഫയല്‍ എത്തിയതിന് ശേഷമാണ് അന്‍വറിന് എതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതെന്നും ഇക്കാര്യം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവത്തിലെടുക്കണമെന്നും അന്‍വര്‍ പറഞ്ഞു.
നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടായെങ്കില്‍ അക്കാര്യം പത്രക്കുറിപ്പിലൂടെ പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിക്കുണ്ടായിരുന്നു. അത് ചെയ്തില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ സെക്രട്ടറിക്ക് ദുരൂഹ താത്പര്യങ്ങളുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
താന്‍ ഉന്നയിച്ച പല കാര്യങ്ങള്‍ക്കും അടിസ്ഥാനമുണ്ടെന്ന് മനസിലാക്കിയാണ് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് സമാന്തരരമായി സ്വന്തം ഇഷ്ടക്കാരെ അയച്ച് അന്‍വറിനെതിരേ തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുന്ന എ.ഡി.ജി.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുകയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.