News Kerala

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു; നഷ്ടമായത് എറണാകുളത്ത് പാര്‍ട്ടിയെ വളര്‍ത്തിയ കരുത്തനായ തൊഴിലാളി നേതാവിനെ

Axenews | മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു; നഷ്ടമായത് എറണാകുളത്ത് പാര്‍ട്ടിയെ വളര്‍ത്തിയ കരുത്തനായ തൊഴിലാളി നേതാവിനെ

by webdesk1 on | 21-09-2024 01:05:59 Last Updated by webdesk1

Share: Share on WhatsApp Visits: 18


മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു; നഷ്ടമായത് എറണാകുളത്ത് പാര്‍ട്ടിയെ വളര്‍ത്തിയ കരുത്തനായ തൊഴിലാളി നേതാവിനെ


കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായിരുന്ന എം.എം. ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ്.

കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പളളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വര്‍ഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു.
സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പോലീസ് മര്‍ദനമേറ്റു. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് ആദര്‍ശത്തോട് ശക്തമായ കൂറുപുലര്‍ത്തിയിരുന്ന ലോറന്‍സ് തന്റെ ശരികളോടൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്നു. സേവ് സി.പി.എം ഫോറം അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി പാര്‍ട്ടി നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. എന്നാല്‍ അവിടെ നിന്നു സംസ്ഥാന കമ്മിറ്റിയിലേക്കും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ലോറന്‍സ് എത്തി. ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍. സജീവന്‍, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറന്‍സ്.


Share:

Search

Popular News
Top Trending

Leave a Comment