by webdesk1 on | 22-09-2024 08:49:33 Last Updated by webdesk1
തിരുവനന്തപുരം: തനിക്കെതിരായ ആരോപണത്തില്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിചിത്രമായ അന്വേഷണ രീതിയാണ് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായ പോലീസ് സേനയില്‍ കഴിഞ്ഞ ദിവസം കണ്ടത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ തന്നെ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഡി.ജി.പിക്ക് കൈമാറിയിരിക്കുന്നത്. ഇത്തരത്തിലൊരാള്‍ അന്വേഷണം നടത്തുമ്പോള്‍ റിപ്പോര്‍ട്ടില്‍ എന്താരിക്കുമെന്ന് സ്വഭാവികമായും ഊഹിക്കാവുന്നതേയുള്ളു.
അത് ശരിവയ്ക്കുന്നതുമായിരുന്നു റിപ്പോര്‍ട്ട്. പൂരം നടത്തിപ്പിന്റെ ചുമതല തന്നെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത്കുമാറിനായിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നതേയില്ല. പകരം പരമാവധി ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്. അവിടേയും തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ വിമര്‍ശനമുണ്ട്. എന്നാല്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും ഇല്ലതാനും.
പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് സൂചന. കോടതി നിര്‍ദേശങ്ങളുടെ ഭാഗമായാണ് പോലീസ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്. പോലീസിന്റെ നടപടിക്രമങ്ങള്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
സുരക്ഷ ഒരുക്കിയതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂരത്തിലെ ചില ചടങ്ങുകള്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നെന്നും അതിനു പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗൂഢാലോചന നടന്നതിനു തെളിവുമില്ല. ദേവസ്വം അധികൃതരും ഗൂഢാലോചന നടന്നതായി പറഞ്ഞിട്ടില്ല.
തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ മലയാളിയായിട്ടും ഉത്സവച്ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് മനസിലാക്കിയില്ല. കമ്മിഷണര്‍ അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു. സഹായത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കമ്മിഷണര്‍ ജനങ്ങളോട് അനുനയത്തില്‍ ഇടപെട്ടില്ല. കാര്യങ്ങള്‍ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല.
മുന്‍പ് പൂരം നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ദേവസ്വം അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോപണങ്ങളെത്തുടര്‍ന്ന് പൂരം അവസാനിച്ചയുടന്‍ അങ്കിത് അശോകനെ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പായതിനാല്‍ ഒന്നര മാസത്തോളം വൈകിയതിനുശേഷമാണ് അങ്കിത് അശോകനെ മാറ്റിയത്.
2024ല്‍ തൃശൂര്‍ പൂരം നടന്ന ഏപ്രില്‍ 19ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വന്‍ വിവാദത്തിലായത്. 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരില്‍ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പോലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.
തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പോലീസിനെ ചോദ്യം ചെയ്തു. ആള്‍ക്കൂട്ടത്തിനുനേരെ പോലീസ് ലാത്തി വീശിയെന്നും പരാതിയുയര്‍ന്നു. പോലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായും വന്നു.