by webdesk1 on | 22-09-2024 08:58:08
ഗാസ: ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ അഭയം തേടിയ 22 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ 13 കുട്ടികളും ആറുസ്ത്രീകളുമാണ് മരിച്ചത്.
ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂണ്‍ പ്രദേശത്തെ സ്‌കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനെയാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
സ്‌കൂളുകളും യുഎന്‍ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അവര്‍ അവകാശപ്പെടുന്നു.