by webdesk1 on | 22-09-2024 10:22:36
കൊളംബോ: കേരളത്തില്‍ നിന്ന് ഒരു കടലിടുക്കിന്റെ മാത്രം അകലെയുള്ള ശ്രീലങ്കയും ചുവപ്പണിഞ്ഞു. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അരാചകത്വത്തിന്റെ ദിനങ്ങള്‍ മാറി പുതിയ പ്രതീക്ഷകളും പുതിയ സ്വപ്‌നങ്ങളുമായി നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യം (എന്‍പിപി) അധികാരത്തിലേക്ക്. ജനകീയ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും.
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് അനുര കുമാര ദിസനായകെ വിജയിയായി പ്രഖ്യാപിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലില്‍ ജനത വിമുക്തി പെരമുന (ജെ.വി.പി) നേതാവായ ദിസനായകെ 42.32 ശതമാനം വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി) സജിത് പ്രേമദാസ 32.74 ശതമാനം വോട്ടും നേടി. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 17.26 ശതമാനം വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളില്‍ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ നേടിയത്.
മൂന്ന് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരം കൂടുതല്‍ വോട്ടുനേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് തൊട്ട് താഴെയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണി. അങ്ങനെയാണ് ദിസനായകെ വിജയം നേടിയത്.
2022ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള അരഗലയ മൂവ്‌മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്.
പ്രക്ഷോഭത്തിന്റെ വിജയത്തെ തുടര്‍ന്ന് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കും തുടങ്ങിയ വന്‍ പൊളിച്ചെഴുത്തുകളുള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കന്‍ ജനതയ്ക്ക് നല്‍കിയിട്ടുള്ളത്.