by webdesk1 on | 22-09-2024 11:56:33
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം സീസണില്‍ കന്നി ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം രണ്ട് ഗോളുകള്‍ മടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി 63-ാം മിനിറ്റില്‍ നോഹ സദോയിയാണ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് വിജയഗോള്‍ സമ്മാനിച്ചത്.
കളിയില്‍ ആദ്യഗോള്‍ ഈസ്റ്റ് ബംഗാളിന്റെ വകയായിരുന്നു. 59-ാം മിനിറ്റില്‍ മലയാളി താരം പി.വി. വിഷ്ണുവാണ് ബ്ലാസ്റ്റേഴ്സിന്റെ വല ചലിപ്പിച്ചത്. 87 മിനിറ്റ് വരെ 1-1 സ്‌കോറില്‍ സമനിലയില്‍ തുടര്‍ന്നതോടെ ഗ്യാലറിയില്‍ നിരാശ പടരുന്നതിനിടെയായിരുന്നു ക്വമെ പ്രപ്രയുടെ ഗോള്‍.
ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാതെയാണ് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലിറങ്ങിയത്. ഗ്യാലറിയിലെ മഞ്ഞക്കടലിരമ്പത്തിനൊപ്പം മത്സരത്തില്‍ ലീഡ് കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ ശ്രമിച്ചുകൊണ്ടെയിരുന്നു.
എന്നാല്‍ 59-ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയതോടെ ഗ്യാലറി നിശബ്ദമായി. നാല് മിനിറ്റിന് ശേഷം പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ മറുപടി എത്തിയത് ആരാധാകരുടെ ആവേശത്തെ ഉണര്‍ത്തി. ഐ.എസ്.എല്‍ ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഗോള്‍ ആയിരുന്നു നോഹ സദോയിയുടേത്.
സമനില കണ്ടെത്തിയതോടെ കൂടുതല്‍ കരുതലോടെയും എന്നാല്‍ മുന്നേറ്റങ്ങളില്‍ കൃത്യത പുലര്‍ത്തിയുമായിരുന്നു മഞ്ഞപ്പടയുടെ നീക്കങ്ങള്‍. 88-ാം മിനിറ്റില്‍ ഇതിനുള്ള ഫലം കാണാനുമായി. ക്വാമെ പെപ്രയുടെ ഇടം കാലനടി ഗില്ലിനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്‍ സീസണിലെ ആദ്യജയം കണ്ടെത്തുകയായിരുന്നു.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ ആകട്ടെ 12-ാം സ്ഥാനത്തുമാണ്. ഈ മാസം 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.