by webdesk1 on | 23-09-2024 08:07:22 Last Updated by webdesk1
മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
`പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്‍ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്, ആളും വേറേയാണ്. ഞാന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം ശിരസ്സാല്‍ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്` അന്‍വര്‍ കുറിച്ചു.
അതേസമയം പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ എന്ന നിലയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്. ഇക്കാര്യത്തില്‍ ചാപ്പയടിക്കും മുന്‍ വിധികള്‍ക്കും അതീതമായി നീതിപൂര്‍വമായ പരിശോധനയും നടപടിയും പാര്‍ട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പറഞ്ഞു വയ്ക്കുന്നു.
നാട്ടിലെ സഖാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് പ്രിയപ്പെട്ട പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമുണ്ട്. മറ്റ് വഴികള്‍ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.