by webdesk1 on | 24-09-2024 07:45:21 Last Updated by webdesk1
ബയ്റുത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 570 കടന്നു. ഇതില്‍ അന്‍പതോളം കുട്ടികളുമുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളിലെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. ഹിസ്ബുള്ളയുടെ തെക്കന്‍ ലെബനനിലെ കമാന്‍ഡര്‍ അലി കരാകെയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ പറഞ്ഞു. 1300 ഇടത്ത് ആക്രമണം നടത്തിയെന്നും അറിയിച്ചു.
സംഘര്‍ഷത്തിന് അറുതി വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും റഷ്യയും ഫ്രാന്‍സും രംഗത്തെത്തി. 2006 ന് ശേഷം നടന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിത്.1975 മുതല്‍ 1990 വരെ ലെബനനില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ഇസ്രയേലിന്റെ ഒറ്റ ആക്രമണത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നും ലെബനീസ് ഭരണകൂടം പറയുന്നു.
ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം 11 മാസക്കാലമായി ഗാസയില്‍ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്.