by webdesk1 on | 24-09-2024 07:58:03
ന്യൂയോര്‍ക്ക്: മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണെന്നും അല്ലാതെ യുദ്ധക്കളത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഐക്യരാഷ്ട്ര സംഘടനയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കുകവേ പ്രധാനമന്ത്രി പറഞ്ഞു.
സൈബറിടം, ബഹിരാകാശം, കടല്‍ എന്നീ മേഖലകളില്‍ പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരികയാണ്. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന്, മികച്ച നിലയിലുള്ള നിയന്ത്രണം ആവശ്യമാണ്. പരമാധികാരവും അഖണ്ഡതയും നിലനില്‍ക്കുന്ന അത്തരം രാജ്യാന്തര ഡിജിറ്റല്‍ ഭരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു പാലമാകണം, മറിച്ച് തടസ്സമാകരുത്. ലോക നന്മയ്ക്കായി, ഇന്ത്യ തങ്ങളുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ മാതൃക പങ്കിടാന്‍ തയാറാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ഒരു പ്രതിബദ്ധതയാണ്.
സുസ്ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന് ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണം. ലോകത്തുള്ള മനുഷ്യരാശിയുടെ ആറിലൊന്നിന്റെ ശബ്ദം കൊണ്ടുവരാന്‍ താന്‍ ഇവിടെയുണ്ട്. ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി സുസ്ഥിര വികസനത്തിന്റെ മാതൃക തങ്ങള്‍ വിജയകരമായി ലോകത്തിന് കാണിച്ചുതന്നുവെന്നും മോദി പറഞ്ഞു.