by webdesk1 on | 24-09-2024 08:31:34
നാഗ്പുര്‍: മുതിര്‍ന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയില്‍ അമ്പരന്ന് നില്‍ക്കുകയാണ് ബി.ജെ.പി. നാലാമതും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നായിരുന്നു നാഗ്പൂരിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ ഗഡ്ഗരി പറഞ്ഞത്.
പ്രസംഗം വൈറലാകുകയും പിന്നീട് വിവാദമാകുകയും ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്താവലെയുടെ കഴിവിനെ പരിഹസിക്കുന്നതിനാണ് ഇങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു ഗഡ്ഗരി. മാറി മാറി വരുന്ന എന്‍.ഡി.എ സര്‍ക്കാരുകളില്‍ കാബിനറ്റ് മന്ത്രിയായി തുടരാനുള്ള രാംദാസ് അത്താവലെയുടെ കഴിവിനെയാണ് താന്‍ പരിഹസിച്ചതെന്നും ഗഡ്ഗരി വിശദീകരിച്ചു.
സര്‍ക്കാരുകള്‍ മാറിയിട്ടും തന്റെ ക്യാബിനറ്റ് പദവിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുള്ളയാളാണ് അത്താവലെ. നാലാം തവണയും എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ഉറപ്പില്ല. വന്നില്ലെങ്കിലും അത്താവലെ മന്ത്രിയായി തുടരും. ഇതായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രസംഗത്തിലെ വാക്കുകള്‍. രാംദാസ് അത്താവലെയെ സ്റ്റേജില്‍ ഇരുത്തിയായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. തമാശയ്ക്കു വേണ്ടിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ഗഡ്കരി പിന്നീട് പറഞ്ഞു.