by webdesk1 on | 24-09-2024 09:06:32 Last Updated by webdesk1
ന്യൂഡല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനുവേണ്ടി പോലീസ് കൊച്ചിയില്‍ വ്യാപക തിരച്ചില്‍ നടത്തുമ്പോള്‍ എങ്ങനെയും പിടികൊടുക്കാതിരിക്കാന്‍ കരുക്കള്‍ നീക്കുകയാണ് സിദ്ദിഖ്. ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സിദ്ദിഖ് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി അഭിഭാഷകന് കൈമാറിയിട്ടുണ്ട്. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം.
2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതാണ് സുപ്രീം കോടതിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനല്‍ പശ്ചാത്തലം തനിക്കില്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്നും സുപ്രീം കോടതിയില്‍ സിദ്ദിഖ് ധരിപ്പിക്കും.
ലൈംഗീകാരോപണ വിധേയരായ മറ്റ് നടന്മാര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ തനിക്ക് നിഷേധിച്ചതിലെ നീതി നിഷേധവും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഉന്നയിക്കും. ലൈംഗികാതിക്രമ കേസില്‍ മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നടനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ തന്നെയാകും സിദ്ദിഖിന് വേണ്ടിയും ഹാജരാകുക എന്നാണ് സൂചന.