by webdesk1 on | 25-09-2024 07:28:35 Last Updated by webdesk1
കോഴിക്കോട്: 72 ദിവസത്തെ നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും ഫലമാണ് അര്‍ജുന്റെ ജീവനറ്റ ശരീരമെങ്കിലും കണ്ടെത്താനായത്. പല ഘട്ടങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടും പ്രതികൂല കാലവസ്ഥയിലും തിരച്ചില്‍ നിര്‍ത്തിയും പിന്നീട് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുനരാരംഭിച്ചും രണ്ട് മാസത്തിലേറെയാണ് ഒരു നാടും നാട്ടുകാരും രക്ഷാമുഖത്തായിരുന്നു. ഇങ്ങകലെ അര്‍ജുന്റെ ജീവനായി പ്രാര്‍ത്ഥിച്ച് ഒരു കുടുംബവും ഒപ്പം സമൂഹവും കാത്തിരിക്കുന്നുണ്ടായിരുന്നു.
മണ്ണിടിച്ചിലുണ്ടായി ആദ്യദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു പരാതിയുയര്‍ന്നതോടെ, കേരള സര്‍ക്കാരടക്കം സമ്മര്‍ദം ചെലുത്തിയപ്പോഴാണ് കര്‍ണാടക സര്‍ക്കാരും പോലീസും അടക്കം ഊര്‍ജിതമായി രംഗത്തിറങ്ങിയത്. അതിനിടെ കനത്ത മഴയും തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനങ്ങളുമൊക്കെ പ്രതിസന്ധികളായി.
ഡ്രോണും ഡ്രജറും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ ഫലമുണ്ടാകാതെ വന്നതോടെ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുമോ എന്ന ആശങ്കയുമുയര്‍ന്നിരുന്നു. തിരച്ചിലിനെത്തിയ ഈശ്വര്‍ മല്‍പെ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ നിര്‍ത്തി മടങ്ങുകയും ചെയ്തു. ഒടുവില്‍, എഴുപത്തിരണ്ടാം ദിനം പുഴയുടെ അടിത്തട്ടില്‍ ലോറി കണ്ടെത്തി.
ദുരന്തമുഖത്ത് ഇത്രയും അനിശ്ചിതത്വം നിറഞ്ഞ ഒരു തിരച്ചില്‍ അടുത്തകാലത്തെങ്ങും രാജ്യം കണ്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ കനത്ത പ്രതികൂലാവസ്ഥകളോട് പോരാടുക എന്നതു മാത്രമല്ല, ഇത്രയും ആഴത്തില്‍ പതിച്ചിരിക്കുന്ന മണ്ണ് നീക്കി അതിനടിയില്‍ എവിടെയോ ഉണ്ടാകാനിടയുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരുക എന്ന പ്രായോഗിക പ്രതിസന്ധികൂടിയാണ് ഷിരൂരില്‍ രക്ഷാസംഘത്തിന് മറികടക്കാനുണ്ടായിരുന്നത്. ഒടുവില്‍ ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റല്‍ ആഴത്തില്‍നിന്നായിരുന്നു.
പുഴയിലെ ഒഴുക്കും ജലവിതാനവും കുറഞ്ഞതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രെഡ്ജര്‍ എത്തിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്. ബുധനാഴ്ച ഡ്രെഡ്ജിങ്ങിനിടെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ലോറിയുടെ കാബിന്‍ കണ്ടെത്തിയത്. ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഭാഗമാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു കാബിന്‍. അതിനുള്ളില്‍ ജീവനറ്റ നിലയില്‍ അര്‍ജുനും. ഇനി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിക്കുക എന്ന സാങ്കേതി കടമ്പ മാത്രമാണ് ബാക്കി.