by webdesk1 on | 25-09-2024 10:35:50
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നൂറ് ദിന കര്‍മ പദ്ധതി പാളിയോ? നാലാം നൂറുദിന കര്‍മ പരിപാടി അവസാനിക്കാന്‍ 28 ദിവസങ്ങള്‍ മാത്രം ശേഷിക്കേ പൂര്‍ത്തിയാക്കാനുള്ളത് 957 പദ്ധതികള്‍. പൂര്‍ത്തിയായതാകട്ടെ വെറും 11 ശതമാനവും.
47 വകുപ്പുകളില്‍ 1,079 പദ്ധതികള്‍ക്കായി 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ലക്ഷ്യമിട്ടിരുന്നു. 1079 പദ്ധതികളില്‍ 122 എണ്ണം മാത്രമാണു നൂറു ശതമാനം പൂര്‍ത്തിയാക്കിയത്. 16 വകുപ്പുകള്‍ ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കിയില്ല.
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പില്‍ 359.69 കോടിയുടെ ആകെ 86 പദ്ധതികളില്‍ 10 എണ്ണമാണ് പൂര്‍ത്തിയായത്. ആയുഷ് വകുപ്പില്‍ 17 പദ്ധതികളില്‍ ഒരെണ്ണം മാത്രം പൂര്‍ത്തിയായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിലാകട്ടെ 815.47 കോടിയുടെ ആകെയുള്ള 92 പദ്ധതികളില്‍ 5 എണ്ണമാണ് പൂര്‍ത്തിയായിരിക്കുന്നത്.
ആസൂത്രണ സാമ്പത്തികകാര്യത്തില്‍ 21 പദ്ധതികളില്‍ ഒരെണ്ണം പോലും പൂര്‍ത്തിയായിട്ടില്ല. ഐടി വകുപ്പില്‍ ആയിരം കോടിയുടെ 36 പദ്ധതികളില്‍ പൂര്‍ത്തിയായത് രണ്ടെണ്ണം. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 41 പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍ ആറെണ്ണമാണ് പൂര്‍ത്തിയായത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പില്‍ ആറ് പദ്ധതികളില്‍ ഒരെണ്ണം പോലും പൂര്‍ത്തിയായില്ല.
എക്സൈസ് വകുപ്പില്‍ ആകെയുള്ള ആറ് പദ്ധതികളില്‍ പൂര്‍ത്തിയായത് ഒന്ന് മാത്രം. കായിക യുവജനകാര്യവകുപ്പില്‍ 72 പദ്ധതികളില്‍ പൂര്‍ത്തിയായത് 14 എണ്ണം. കൃഷി വകുപ്പില്‍ 17 പദ്ധതികളില്‍ ആറെണ്ണവും ക്ഷീര വികസനവകുപ്പില്‍ ഒന്‍പത് പദ്ധതികളില്‍ ആറെണ്ണവുമാണ് പൂര്‍ത്തീകരിച്ചത്.
ഗതാഗതവകുപ്പില്‍ ആകെ 17 പദ്ധതികളുള്ളതില്‍ ഒന്നു പോലും പൂര്‍ത്തീകരിച്ചില്ല. എം.ബി. രാജേഷിന്റെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 71 പദ്ധതികളില്‍ പൂര്‍ത്തിയായത് വെറും ഒന്ന് മാത്രം. ജലവിഭവ വകുപ്പില്‍ 61 പദ്ധതികളില്‍ ആറെണ്ണവും തുറമുഖ വകുപ്പില്‍ ഏഴ് പദ്ധതികളില്‍ ഒന്നും ദേവസ്വം വകുപ്പില്‍ 11 ല്‍ അഞ്ചും പദ്ധതികളാണ് പൂര്‍ത്തിയായത്.
തൊഴിലും നൈപുണ്യവും, ദുരന്തനിവാരണം, ധനകാര്യം, നോര്‍ക്ക, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി, ഭവന നിര്‍മാണം, വനിതാശിശുവികസനം, വിനോദ സഞ്ചാരം, ശാസ്ത്ര സാങ്കേതികം, സഹകരണം എന്നീ വകുപ്പുകളില്‍ ഒരു പദ്ധതിപോലും പൂര്‍ത്തീകരിച്ചിട്ടില്ല. മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത് വകുപ്പില്‍ 1995.81 കോടിയുടെ 73 പദ്ധതികള്‍ നടപ്പാക്കേണ്ടതില്‍ പൂര്‍ത്തിയായത് വെറും രണ്ടെണ്ണമാണ്.