by webdesk1 on | 26-09-2024 07:59:20
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നതിന്റെ സൂചന നല്‍കി ഏഷ്യന്‍ ശാക്തിക ഇന്‍ഡക്‌സില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്. ഓസ്‌ട്രേലിയയിലെ ലോവൈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഏഷ്യ പവര്‍ ഇന്‍ഡക്‌സിലാണ് ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വളരുന്ന സമ്പദ്ഘടന എന്ന പദവിക്കു തുല്യമായ നേട്ടത്തിലേക്ക് ഇന്ത്യ സ്ഥാനം പിടിച്ചത്. ഈ നേട്ടത്തിലേക്ക് എത്താന്‍ ഇന്ത്യ പിന്തള്ളിയത് ജപ്പാനെ ആണ് എന്നതും ശ്രദ്ധേയമാണ്.
27 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആകെയുള്ള 100 പോയിന്റില്‍ 39.1 പോയിന്റാണ് ഇന്ത്യ നേടിയത്. ജപ്പാനാകട്ടെ 37 പോയിന്റും. സാമ്പത്തിക വിഭവനില, സൈനിക ശേഷി, വിദേശകാര്യ ബന്ധങ്ങള്‍, സാംസ്‌കാരിക മുദ്രകള്‍, ഭാവിയിലേക്കുള്ള വിഭവങ്ങളുടെ കരുതല്‍ ശേഖരം തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഏഷ്യന്‍ പവര്‍ ഇന്‍ഡക്‌സ് തയാറാക്കുന്നത്.
അടുത്ത ഏതാനും പതിറ്റാണ്ടുകളില്‍ കൂടി ഇന്ത്യ കൈവരിക്കാന്‍ പോകുന്ന വലിയ വളര്‍ച്ചയുടെ ആദ്യ പടികളാണ് ഇതെന്നും പറയാം. കാരണം ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണം ലോകത്തു തന്നെ ഏറ്റവുമധികം ഉള്ള രാജ്യം ഇന്ത്യയാണ്. ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചയെ വരും കാലങ്ങളിലും ഇതു ത്വരിതപ്പെടുത്തും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക സൈനിക ശക്തിയാണെന്ന് ഇന്ത്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് മറ്റൊരു ഘടകം. ആഗോള തലത്തിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമം വിജയം കണ്ടതിന്റെ സൂചന കൂടിയാണ് ഏഷ്യന്‍ പവര്‍ ഇന്‍ഡക്‌സിലെ പുതിയ തിളക്കം. യുഎന്‍, ജി20, ബ്രിക്‌സ്, ക്വാഡ് തുടങ്ങിയ രാജ്യാന്തര സംഘടനകളിലെ കരുത്തുറ്റ ശബ്ദമാണ് ഇന്ത്യ.
ബഹിരാകാശ മേഖലയിലും സൗരോര്‍ജ പദ്ധതികളിലും നടത്തിയ മുന്നേറ്റവും ആധുനിക കാഴ്ചപ്പാടുള്ള രാജ്യമെന്ന് പേരെടുക്കാന്‍ ഈ കാലയളവില്‍ ഇന്ത്യയെ സഹായിച്ചു. വിവര സാങ്കേതിക വിദ്യയിലും നിര്‍ണായക ശക്തിയാണ്. ഡിജിറ്റല്‍ ഇന്ത്യയെന്നാല്‍ ഏറ്റവും കരുത്തുറ്റ രാജ്യമെന്നതിന്റെ മറുപേരായി മാറി.
ജപ്പാനെ പിന്നോട്ടടിച്ചത് പ്രധാനമായും ജനസംഖയിലുണ്ടായ കുറവാണ്. സൈനിക രംഗത്തും പിന്നാക്കം പോയതായി ഇന്‍ഡക്‌സ് വിലയിരുത്തുന്നു. രണ്ടാം ലോക യുദ്ധത്തില്‍ തലയെടുപ്പോടെ മുന്നേറിയ ജപ്പാന്‍ സൈന്യത്തിന്റെ ശക്തി പലപ്പോഴും വല്യേട്ടനായ ചൈനയ്ക്കു മുന്നില്‍ ചോരുന്നു. ലോകത്തിന്റെ വന്‍ശക്തിയായി മാറാനുള്ള എല്ലാ സാധ്യതകളും ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് ഈ ഇന്‍ഡക്‌സ് നല്‍കുന്ന ദിശാസൂചന.