by webdesk1 on | 26-09-2024 08:35:09
കളമശേരി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് മക്കള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരം. ലോറന്‍സിന്റെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കല്‍ പഠനാവശ്യത്തിനായി വിട്ടു നല്‍കാന്‍ മക്കള്‍ യോചിച്ച് സമ്മതം അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ഇളയമകള്‍ ആശാ ലോറന്‍സ് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ട് തീരുമാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വിട്ടത്. മക്കളുടെ ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ മൂന്ന് പേരെയും പ്രിന്‍സിപ്പല്‍ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തി.
ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. തുടര്‍ന്ന് മക്കളില്‍ ഓരോരുത്തരെ കമ്മിറ്റി അംഗങ്ങള്‍ പ്രത്യേകം കാണുകയും പിന്നീട് ഒരുമിച്ചിരുന്നുള്ള ചര്‍ച്ചയില്‍ ഏകാഭിപ്രായം രൂപപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കളായ അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍ എന്നിവര്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അറിയിച്ചപ്പോള്‍ മകള്‍ ആശ ഇതിനെ എതിര്‍ത്തു. മൃതദേഹം സംസ്‌കരിക്കണമെന്നാണ് ആശ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം സമിതി തള്ളി.
ശനിയാഴ്ച്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് എംഎം ലോറന്‍സിന്റെ മരണം സംഭവിക്കുന്നത്. തിങ്കളാഴ്ച്ച കൊച്ചിയിലെ വീട്ടിലും തുടര്‍ന്ന് ടൗണ്‍ഹാളിലും പൊതുദര്‍ശനം നടന്നിരുന്നു. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്.