by webdesk1 on | 26-09-2024 08:55:07
തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനത്തിന് കുതിപ്പേകാന്‍ വന്ദേ ഭാരത് മെട്രോ എത്താന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന വന്ദേ മെട്രോകളിലൊന്ന് കേരളത്തിന് ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വന്ദേ മെട്രോ കേരളത്തിന് ലഭിക്കുകയാണെങ്കില്‍ നിലവില്‍ പ്രതിദിന യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്ന കോട്ടയം വഴിയുള്ള തിരുവനന്തപുരം-എറണാകുളം റൂട്ടിലാകും ഇത് ഓടിക്കുക.
വന്ദേ മെട്രോ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയുന്ന റൂട്ടുകളെക്കുറിച്ച് റെയില്‍വേ പഠിച്ച ഘട്ടത്തില്‍ തന്നെ തിരുവന്തപുരം-എറണാകുളം സര്‍വീസ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് റൂട്ടുകള്‍ വീതമാണ് റെയില്‍വേ ആ സമയത്ത് പരിശോധിച്ചിരുന്നത്.
തിരുവനന്തപുരം-എറണാകുളത്തിന് പുറമെ, എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂര്‍, മധുര-ഗുരുവായൂര്‍, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗലാപുരം-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപ്പാളയം എന്നിവയായിരുന്നു അന്ന് പട്ടികയിലുണ്ടായിരുന്ന മറ്റു റൂട്ടുകള്‍.
നിലവില്‍ വലിയ യാത്രാദുരിതം നിലനില്‍ക്കുന്ന കൊല്ലം-കോട്ടയം- എറണാകുളം റൂട്ടില്‍ മെമു ട്രെയിന്‍ വേണമെന്ന് എംപിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നുണ്ട്. പുനലൂര്‍-എറണാകുളം റൂട്ടില്‍ മെമു പരിഗണിക്കുന്നുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷും പറഞ്ഞു. തിരുവനന്തപുരം, മാവേലിക്കര, കോട്ടയം എംപിമാര്‍ യാത്രാദുരിതത്തിന് പരിഹാരമായി മെമു ആവശ്യപ്പെടുന്ന ഘട്ടത്തില്‍ കേരളത്തിലേക്ക് വന്ദേ മെട്രോ എത്തുമോയെന്നാണ് അറിയാനുള്ളത്.
12 കോച്ചുളുള്ള ത്രീ ഫെയ്‌സ് മെമു കേരളത്തിന് അനുവദിക്കണമെന്നാണ് നിലവിലെ ആവശ്യം. 3600 ഓളം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ത്രീ ഫെയ്‌സ്. അത്യാധുനിക സംവിധാനങ്ങളും ഇവയിലുണ്ട്. എന്നാല്‍ വന്ദേ ഭാരതിന്റെ മിനിപതിപ്പായ വന്ദേ മെട്രോ എത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി ഇത് മാറും. 16 കോച്ചുള്ള വന്ദേ ഭാരത് മെട്രോയില്‍ 1,150 പേര്‍ക്ക് ഇരുന്നും, 2058 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ കഴിയും.