by webdesk1 on | 26-09-2024 09:21:21
മോസ്‌കോ: ദീര്‍ഘദൂര പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ പദ്ധതി തയാറാക്കുന്നതിനിടെ ആണവായുധ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയില്‍ ഏതെങ്കിലും രാജ്യത്തില്‍ നിന്ന് വന്‍തോതിലുള്ള വ്യോമാക്രമണം ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിന്‍ പറഞ്ഞു. മിസൈല്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഭീഷണി.
ആണവ പ്രതിരോധം സംബന്ധിച്ച റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുടിന്റെ പരാമര്‍ശം. സുരക്ഷാ കൗണ്‍സിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ ആണവ സിദ്ധാന്തത്തില്‍ മാറ്റങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ദീര്‍ഘദൂര പാശ്ചാത്യ മിസൈലുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ ഉക്രെയ്‌ന് അനുമതി നല്‍കുന്നതിനെതിരെ റഷ്യ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വന്‍തോതില്‍ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയ്ക്കെതിരായ മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തില്‍ പങ്കാളിയായി കണക്കാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
ഉക്രെയ്‌നിന് നേരിട്ടുള്ള സൈനിക പിന്തുണ നല്‍കുന്നതില്‍ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ നേരത്തെയും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യയ്ക്കുള്ളിലെ ദീര്‍ഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാന്‍ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിര്‍മ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാന്‍ മാസങ്ങളായി അനുമതി തേടുകയാണ്.