Views Politics

സംരക്ഷിക്കുമെന്ന് കരുതിയവരും എതിരായി; അന്‍വറിന്റെ ആരോപണങ്ങളില്‍ സി.പി.എമ്മിനും അതൃപ്തി; പി.ശശി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പാതയില്‍ പാര്‍ട്ടിയും

Axenews | സംരക്ഷിക്കുമെന്ന് കരുതിയവരും എതിരായി; അന്‍വറിന്റെ ആരോപണങ്ങളില്‍ സി.പി.എമ്മിനും അതൃപ്തി; പി.ശശി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പാതയില്‍ പാര്‍ട്ടിയും

by webdesk1 on | 26-09-2024 09:47:49 Last Updated by webdesk1

Share: Share on WhatsApp Visits: 36


സംരക്ഷിക്കുമെന്ന് കരുതിയവരും എതിരായി; അന്‍വറിന്റെ ആരോപണങ്ങളില്‍ സി.പി.എമ്മിനും അതൃപ്തി; പി.ശശി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പാതയില്‍ പാര്‍ട്ടിയും



തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പി.ശശിക്കും എതിരായ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളാണെന്ന് പ്രചരിക്കുന്ന അഭ്യൂഗങ്ങള്‍ തള്ളി സി.പി.എം. അന്‍വറിന്റെ തുടര്‍ച്ചയായുള്ള പരസ്യ പ്രതികരണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനും ഇതേ അഭിപ്രായം തന്നെയാണ് ആദ്യം മുതല്‍ സ്വീകരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുമ്പോള്‍ അതിനെ ധാര്‍മികമായി പ്രതിരോധിക്കാന്‍ ശശിക്കെതിരെ നടപടി ഉണ്ടായേക്കും എന്ന നിലയില്‍ അഭ്യൂഗങ്ങള്‍ പരന്നിരുന്നു. ഇതിനെയെല്ലാമുള്ള മറുപടിയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് തിരക്കിട്ട് മാറ്റേണ്ടെന്നും യോഗം തീരുമാനിച്ചു.

കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് അന്വേഷണവും ഡി.ജി.പിയുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണവും എ.ഡി.ജി.പിക്കെതിരെ നടക്കുന്നതിനാല്‍ ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കില്‍ എഡിജിപിയെ മാറ്റാമെന്നാണ് പാര്‍ട്ടി തീരുമാനം.

തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. പൂരം കലക്കലില്‍ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പൂരം കലക്കലില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിയുടെ കവറിങ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിന്റെ ഗൗരവം കൂടിയെന്ന നിലയ്ക്ക് സി.പി.ഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റില്‍ ഉന്നയിച്ചത്.

എ.ഡി.ജി.പിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാള്‍ സ്ഥിതി മാറിയെന്ന് കെ.രാജന്‍ പറഞ്ഞു. പൂരം കലക്കലിന്റെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും അദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ കൂടി അറിഞ്ഞ് തുടര്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എ.ഡി.ജി.പിയെ പൂര്‍ണമായും സംശയ നിഴലില്‍ നിര്‍ത്തിയുള്ള ഡി.ജി.പിയുടെ ശുപാര്‍ശയിലാണ് വീണ്ടും അന്വേഷണത്തിന് വഴി തുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത്കുമാര്‍ എന്ത് ചെയ്തു, എന്ത് കൊണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡി.ജി.പി ഉന്നയിച്ചത്.

സി.പി.ഐയും പ്രതിപക്ഷവും ഉയര്‍ത്തുന്ന സംശയങ്ങള്‍ പോലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സര്‍ക്കാരും എത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.



Share:

Search

Popular News
Top Trending

Leave a Comment