by webdesk1 on | 26-09-2024 09:26:10 Last Updated by webdesk1
നിലമ്പൂര്‍: സി.പി.എം ആവശ്യപ്പെട്ടാലും താന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ഇടത് എം.എല്‍.എ പി.വി. അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് താന്‍ ജനപ്രതിനിധിയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ട്ടി ആവശ്യപ്പെട്ടാലും ജനം നല്‍കിയ പദവി വലിച്ചെറിയില്ല. ആ പൂതിവെച്ച് ആരും കൊണ്ടു നടക്കേണ്ടതില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
എല്‍.ഡി.എഫ് വിടുന്നുവെന്ന സൂചന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അന്‍വര്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചത്. താന്‍ എപ്പോഴും പൂര്‍ണസ്വതന്ത്രനാണെന്നും നിയമസഭയില്‍ ഇടതിനും വലതിനും ഇടയില്‍ ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍ ഇരിക്കുമോ എന്ന ചോദ്യത്തിന് അവരേക്കാള്‍ ഉളുപ്പില്‍ ഞാന്‍ ഇരിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. ഈ മൂന്നക്ഷരം ജനങ്ങള്‍ തന്നതാണ്. മരിച്ച് വീഴുന്നതുവരെ, ശേഷിക്കുന്ന ഒന്നേമുക്കാല്‍ കൊല്ലം എം.എല്‍.എ ആയി താനുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നും നിലമ്പൂര്‍ എം.എല്‍.എ അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം രാജിവെക്കുമോ എന്ന ചോദ്യത്തിന് കിട്ടിയതൊന്നും ഒഴിവാക്കില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
നിയമസഭയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പക്ഷത്തല്ലാതെ നടുപക്ഷത്ത് സീറ്റ് നല്‍കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുടെ പേര് പറയുകയാണെങ്കില്‍ എഴുതാന്‍ ബുക്കുതന്നെ വേണ്ടിവരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ ഡി.എന്‍.എ പരാമര്‍ശം വക്രീകരിച്ചതാണെന്നും അന്‍വര്‍ പ്രതികരിച്ചു. പൊളിറ്റിക്കല്‍ ഡി.എന്‍.എ എന്നാണ് താന്‍ പറഞ്ഞത്. ബയോളജിക്കല്‍ ഡി.എന്‍.എ പരിശോധിക്കണമെന്നല്ല. തനിക്ക് രാഹുലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ബഹുമാനമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.