by webdesk1 on | 26-09-2024 10:51:08 Last Updated by webdesk1
തിരുവനന്തപുരം: രാഷ്ട്രീയ ശത്രുക്കള്‍ പോലും പറയാന്‍ മടിക്കുന്ന ആരോപണങ്ങളാണ് ഭരണകക്ഷി എം.എല്‍.എ കൂടിയായ പി.വി. അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും സി.പി.എം നേതൃത്വത്തിന് നേരെയും ഉന്നയിച്ചത്. പിണറായി വിജയന്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയേക്കുമെന്ന മുന്നറിയിപ്പ് പാര്‍ട്ടിയുടെ നിലവിലെ ദുരവസ്ഥയേയും അതിലേക്ക് നയിച്ച നേതാക്കളോടുള്ള എതിര്‍പ്പും പറയാതെ പറയുകയായിരുന്നു അദ്ദേഹം. മാത്രമല്ല പാര്‍ട്ടി എന്നും നിലനില്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സാധാരണ പാര്‍ട്ടി അണികള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ നിലവിലെ പോക്കിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് അദ്ദേഹം. പിണറായി എന്ന ഏക അധികാര കേന്ദ്രത്തിന്റെ ചങ്ങലയില്‍ പാര്‍ട്ടി തളയ്ക്കപ്പെട്ടുപോയതിന്റെ അപകടങ്ങളാണ് ഇപ്പോള്‍ ഭരണത്തിലും പാര്‍ട്ടിയിലും സംഭവിക്കുന്നതെന്നാണ് അന്‍വര്‍ പറയുന്നത്. നാല് കട നോക്കാന്‍ അറിയാത്ത ആളാണ് 24 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ പറഞ്ഞതില്‍ ഇപ്പോള്‍ കുറെക്കൂടി വ്യക്തത വരുത്തി. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി തീര്‍ത്തും പരാജിതനാണെന്നും രാജിവച്ച് പുറത്തുപോകണമെന്നുമായിരുന്നു അദ്ദേഹം ഇന്നലെ പറഞ്ഞത്.
മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെയും സൂര്യതേജസെന്നും വാഴ്ത്തിപ്പാടിയ കാലത്തെ അദ്ദേഹത്തിന്റെ കഴിവുകേടുകള്‍ എണ്ണിപ്പറയാനും അന്‍വര്‍ മടിച്ചില്ല. സെക്രട്ടറിയേറ്റിലിരുന്നാല്‍ കാണാവുന്ന ദൂരത്ത് സ്വപ്‌നയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച് താമസിച്ച് സ്വര്‍ണക്കടത്ത് നടത്തിയത് അറിയാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്നുവരെ പറഞ്ഞുകളഞ്ഞു. ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ ഇന്റലിജന്‍സിന്റെയും വിജിലന്‍സിന്റെയും കര്‍മശേഷിയെയാണ് അന്‍വര്‍ സംശയിച്ചത്.
മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും അന്‍വര്‍ ആക്രമിച്ചു. റിയാസിനു വേണ്ടി മുഖ്യമന്ത്രി പാര്‍ട്ടി സംവിധാനത്തെ അപ്പാടെ തകര്‍ത്തെന്നായിരുന്നു അന്‍വറിന്റെ ആരോപണം. പാര്‍ട്ടിയില്‍ ചിലര്‍ക്കു മാത്രം സ്വാധീനവും വളര്‍ച്ചയുമാണുള്ളത്. ഒരു റിയാസിനു വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കേണ്ടത്. മരുമകനുവേണ്ടി പാര്‍ട്ടിയെ കുരുതികൊടുത്ത അമ്മായിഅപ്പനാണ് പിണറായി. റിയാസിന് കിട്ടുന്ന അതേ പ്രിവിലേജാണ് എ.ഡി.ജി.പി അജിത്കുമാറിനും ഭരണത്തില്‍ കിട്ടുന്നത്. റിയാസിനെ പോലെ അജിത്കുമാറും മരുമകനാണോയെന്ന് അന്‍വര്‍ പരിഹസിച്ചു.
അജിത്കുമാര്‍ ഇടപെട്ട് പൂരം കലക്കിയതിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാകാം. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒരു സീറ്റ് നേടിക്കൊടുക്കേണ്ടത് ആവശ്യമായ ആളുകളാണ് പൂരം കലക്കിയതിന് പിന്നില്‍. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ പ്രീതിപ്പെടുത്തി ചിലത് നേടാനുണ്ടാകും. അത് മുഖ്യമന്ത്രിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ എന്നായിരുന്നു അന്‍വറിന്റെ മറുപടി.
പതിവിന് വിപരീതമായി പാര്‍ട്ടി നേതൃത്വത്തേയും അന്‍വര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്നോട്ട് പാര്‍ട്ടി നേതൃത്വം വിശ്വാസ വഞ്ചന കാട്ടി. താന്‍ നല്‍കിയ പരാതികളില്‍ നടപടി ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനേയും സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കൊപ്പം പാര്‍ട്ടി നേതൃത്വവും സ്വീകരിച്ചത്. അതിനാലാണ് പരസ്യപ്രസ്താവന നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടും വീണ്ടും രംഗത്ത് വരേണ്ടി വന്നതെന്നും അന്‍വര്‍ പറഞ്ഞു.