News Kerala

അന്‍വറിനായി പോരാടാന്‍ പോരാളി ഷാജി; അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയെന്ന് ഓര്‍മപ്പെടുത്തല്‍: അന്‍വറിന് വീടിന് മുന്നില്‍ സി.പി.എമ്മിന്റെ ഫ്‌ളെക്‌സ്

Axenews | അന്‍വറിനായി പോരാടാന്‍ പോരാളി ഷാജി; അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയെന്ന് ഓര്‍മപ്പെടുത്തല്‍: അന്‍വറിന് വീടിന് മുന്നില്‍ സി.പി.എമ്മിന്റെ ഫ്‌ളെക്‌സ്

by webdesk1 on | 27-09-2024 09:02:09

Share: Share on WhatsApp Visits: 39


അന്‍വറിനായി പോരാടാന്‍ പോരാളി ഷാജി; അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയെന്ന് ഓര്‍മപ്പെടുത്തല്‍: അന്‍വറിന് വീടിന് മുന്നില്‍ സി.പി.എമ്മിന്റെ ഫ്‌ളെക്‌സ്


തിരുവനന്തപുരം: ഒരു കാലത്ത് പിണറായി വിജയനുവേണ്ടി സൈബര്‍ ഇടങ്ങളില്‍ രക്തം ചിന്തി പോരാട്ടം നടത്തിയ പോരാളി ഷാജിയുടെ പിന്തുണ ഇപ്പോള്‍ പി.വി. അന്‍വറിന്. ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്നാണ് ഫെയ്‌സ്ബുക്കിലൂടെ ചോദിച്ച പോരാളി ഷാജി, പാര്‍ട്ടി എന്നത് നേതാക്കള്‍ അല്ലെന്നും അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഓര്‍മിപ്പിച്ചു.  

തെറ്റുകള്‍ തിരുത്താനുള്ളതാണ്. മസില്‍ പിടിച്ചു നിന്നതു കൊണ്ടായില്ല. ബംഗാളില്‍ 220 എം.എല്‍.എമാരും 32 എം.പിമാരും ഉണ്ടായിരുന്നു സി.പി.എമ്മിന്. ത്രിപുരയില്‍  50ലധികം എം.എല്‍.എമാരും രണ്ടു എം.പിമാരും. ആ നേതാക്കളില്‍ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി.പി.എം തന്നെയാണ്. എന്നിട്ടും എങ്ങനെ  48 ശതമാനം വോട്ടില്‍ നിന്നും ആറ് ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന് പോരാളി ഷാജി ചോദിച്ചു.

അതേസമയം, അന്‍വറിനെ തള്ളി ബിനീഷ് കോടിയേരി രംഗത്തെത്തി. പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പഴയ വിഡിയോ പോസ്റ്റ് ചെയ്താണ് അന്‍വറിനെ ബിനീഷ് തള്ളിയത്. പാര്‍ട്ടിബോധം എന്നതും പാര്‍ട്ടി അച്ചടക്കം എന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചു ഏറ്റവും പ്രധാനമാണ്. നിരന്തരമായ പാര്‍ട്ടി പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ അത് വന്ന് ചേരണമെന്നുള്ളൂ. അത് നിരാശയില്‍ നിന്നും ആരംഭിച്ചു വിരുദ്ധതയിലേക്ക് പോകുമ്പോള്‍ സ്വാഭാവികമായും അത് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധമായി മാറും. അത് തിരിച്ചറിയുക എന്നതാണ് പാര്‍ട്ടി ബോധമെന്നും വിഡിയോയില്‍ പറയുന്നു.

കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്താസമ്മേളനം നടത്തേണ്ടി വരില്ലായിരുന്നു എന്ന് അന്‍വര്‍ പറഞ്ഞിരുന്നു. കോടിയേരിയുടെ മൃതദേഹം എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിനു വയ്ക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും യൂറോപ്പിലേക്ക് പോകുന്നതിനു വേണ്ടിയായിരുന്നുവെന്നാണ് അന്‍വറിന്റെ ആരോപണം. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതില്‍ സഖാക്കള്‍ക്ക് വേദനയുണ്ട്. താന്‍ വാര്‍ത്താ സമ്മേളനത്തിനു വരുന്ന സമയത്ത് ഒരു പാര്‍ട്ടി സഖാവ് അത് ചൂണ്ടിക്കാട്ടി മെസേജ് അയച്ചെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

അതേസമയം അന്‍വറിന്റെ നിലമ്പൂരിലെ വീടിനു മുന്നില്‍ സി.പി.എം ഒതായി ബ്രാഞ്ചിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ് എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെ ചിത്രങ്ങളും ഫ്‌ളക്‌സില്‍ ഉണ്ട്.

അതേസമയം പി.വി. അന്‍വറിനെ പിന്തുണച്ച് മലപ്പുറം ടൗണില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. മലപ്പുറം തുവൂരില്‍ പി.വി. അന്‍വര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്‌ളക്‌സ് ബോര്‍ഡ്. ലീഡര്‍ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്. പി.വി. അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.



Share:

Search

Popular News
Top Trending

Leave a Comment