News International

വെടിനിര്‍ത്തല്‍ ആഹ്വാനം നിരാകരിച്ചു ഇസ്രയേല്‍; ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരും: ബെഞ്ചമിന്‍ നെതന്യാഹു

Axenews | വെടിനിര്‍ത്തല്‍ ആഹ്വാനം നിരാകരിച്ചു ഇസ്രയേല്‍; ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരും: ബെഞ്ചമിന്‍ നെതന്യാഹു

by webdesk1 on | 27-09-2024 09:24:46

Share: Share on WhatsApp Visits: 15


വെടിനിര്‍ത്തല്‍ ആഹ്വാനം നിരാകരിച്ചു ഇസ്രയേല്‍; ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരും: ബെഞ്ചമിന്‍ നെതന്യാഹു


ബയ്‌റുത്ത്: ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച  വെടിനിര്‍ത്തല്‍ ആഹ്വാനം നിരാകരിച്ചു ഇസ്രയേല്‍. ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കും എന്ന ഭീതി നിലനില്‍ക്കേ, ബുധനാഴ്ചയാണ് ഈ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. 21 വെടിനിര്‍ത്തലിനായിരുന്നു ആഹ്വാനം. ഈ സമയംകൊണ്ട് നയതന്ത്രചര്‍ച്ചകളിലൂടെ തുറന്നയുദ്ധം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വെടിനിര്‍ത്തലുണ്ടാകില്ലെന്നും വിജയം നേടുംവരെ സര്‍വശക്തിയുമുപയോഗിച്ച് ഹിസ്ബുള്ളയ്‌ക്കെതിരേ പോരാടുമെന്നും നെതന്യാഹുവിനു പിന്നാലെ ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച യുഎന്‍ പൊതുസഭാസമ്മേളനത്തിനെത്തിയപ്പോഴാണ് യുഎസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും 21 ദിന വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തത്.

നെതന്യാഹു നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബെയ്റൂട്ടില്‍ വ്യോമാക്രമണം നടന്നിരുന്നു. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുള്ള മേഖലകളിലെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഹുസൈന്‍ സുരൂറിനെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഹിസ്ബുള്ള തയാറായിട്ടില്ല. രണ്ട് പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു കഴിഞ്ഞ ഒരുവാരത്തോളമായി ഇസ്രയേല്‍ നടത്തുന്നത്. കിഴക്കന്‍ ലെബനനിലുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍പേരും സിറിയന്‍ അഭയാര്‍ത്ഥികളാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ ലെബനനില്‍ 630 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലില്‍ ഒന്നും സ്ത്രീകളും കുട്ടികളുമാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഏറ്റുമുട്ടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാമെന്ന നിര്‍ദേശത്തോട് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ലെബനന്റെ താല്‍ക്കാലിക പ്രധാനമന്ത്രിയായ നജീബ് മികാതി നിര്‍ദേശം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാരിന് ഹിസ്ബുള്ളയ്ക്ക് മുകളില്‍ സ്വാധീനമില്ല.

ഗാസയില്‍ വെടിനിര്‍ത്തലുണ്ടായാല്‍ മാത്രമെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുവെന്ന നിലപാടാണ് ഹിസ്ബുള്ള സ്വീകരിച്ചിട്ടുള്ളത്. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍പോലും സംഭവിക്കാത്ത ഒന്നാണിത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ലോകനേതാക്കളെ കാണാന്‍ നെതന്യാഹു തയാറായേക്കും.


Share:

Search

Popular News
Top Trending

Leave a Comment