by webdesk1 on | 27-09-2024 10:14:59
തിരുവനന്തപുരം: അന്‍വര്‍ തൊടുത്തുവിട്ട ആരോപണ ശരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ സൃഷ്ടിച്ച കോലിളക്കം പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. അന്‍വറിനെ വ്യക്തിപരമായി ആരുതന്നെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം അന്‍വര്‍ ആദ്യം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കിയ സി.പി.ഐ ഇപ്പോള്‍ അന്‍വറിനെ കൈവിടുകയാണ്.
അന്‍വര്‍ ഒരിക്കലും ഇടതുപക്ഷത്തിന്റെ മൂല്യങ്ങളുടെ കാവല്‍ക്കാരനല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ കാവല്‍ക്കാരനാണ് അന്‍വറെന്ന് കരുതാന്‍ സിപിഐക്ക് ആകില്ല. 2011ല്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ സിപിഎം ഉള്‍പ്പടെ ഒളിഞ്ഞ് പരാജയപ്പെടുത്തിയതിനെയും ബിനോയ് വിശ്വം വിമര്‍ശിക്കുന്നുണ്ട്.
വി.എസ്. അച്യുതാനന്ദന് പോലും ലഭിക്കാത്ത ആനുകൂല്യമാണ് അന്‍വറിനു കിട്ടുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം. മുഖ്യമന്ത്രി പിണറായി വിജയന് അന്‍വറിനെ ഭയമാണ്. 25 ദിവസമായി അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.
വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് സി.പി.എം അന്‍വറിനോട് അഭ്യര്‍ഥിച്ചത് ഭയന്നിട്ടാണ്. ഈ സമീപനം അച്യുതാനന്ദനോട് പോലും ഉണ്ടായില്ല. അന്‍വര്‍ ഇനിയും എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ്. അതാണ് സി.പി.എം ഇത്രയും മയത്തില്‍ സംസാരിക്കുന്നത്. അന്‍വറിനെക്കൊണ്ട് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ആരാണെന്ന് സി.പ.ിഎമ്മിനുള്ളില്‍ തന്നെ അന്വേഷിക്കണം.
ഇടതുമുന്നണിയില്‍ തുടരണോ എന്ന് തീരുമാനിക്കുന്നതുപോലും അന്‍വറാണ്. അന്‍വര്‍ യു.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫ് തെരുവിലിറങ്ങും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എട്ടാം തീയതി സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയാണ് പി.വി. അന്‍വര്‍ ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ തയാറാകുന്നില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ചോദ്യം. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന ആളാണ് പി.വി.അന്‍വര്‍ എന്നാണ് സിപിഎം പറയുന്നത്. അപ്പോള്‍ അന്‍വറിനെ ഇത്രയും കാലം സംരക്ഷിച്ചത് ആരാണ്.
പൊതുസമൂഹത്തിന് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. സി.പി.എമ്മിന് ഇതുപോലൊരു ഗതികേട് മുമ്പ് ഉണ്ടായിട്ടില്ല. സി.പി.എമ്മിന്റെ സൈബര്‍ സഖാക്കളെല്ലാം അന്‍വറിനൊപ്പമാണ്. ആത്മാഭിമാനത്തിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ എം.വി. ഗോവിന്ദന്‍ രാജിവച്ച് വേറെ വല്ല പണിക്കുംപോകണം.
ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മികത ഇല്ല. മുഖ്യമന്ത്രി രാജിവച്ച് പുതിയ ജനവിധി തേടാന്‍ തയാറാകണം. ഞങ്ങള്‍ കേരളം ഭരിക്കാനുള്ള തയാറെടുപ്പിലാണ്. തൃശൂരില്‍ വന്‍ വിജയം നേടിയത് പൂരം കലക്കിയിട്ടാണെന്ന് എല്‍.ഡി.എഫും യു.ഡി.എഫും കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ ഇരുന്നോട്ടെ. എങ്ങനെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. 2026ല്‍ തന്നെ ഭരണം പിടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ യഥാര്‍ഥ സഖാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയില്‍ പാര്‍ട്ടി സഖാക്കള്‍ മാറി വോട്ടുചെയ്തു. പിണറായിയില്‍ അടക്കം വോട്ടു ചോര്‍ന്നു. പാര്‍ട്ടി സഖാക്കള്‍ കൃത്യമായ പ്രതിഷേധം രേഖപ്പെടുത്തിയതാണത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് വെറും ഏഴാംകൂലിയായ പി.വി. അന്‍വര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആ വിവരങ്ങള്‍ വെച്ചാണ് സംസാരിക്കുന്നത്. വലിഞ്ഞുകേറി വന്ന കോണ്‍ഗ്രസുകാരന്റെ താത്പര്യംപോലും, ആ ഏഴാംകൂലിയുടെ വിവരംപോലും ഇത്രവലിയ പരാജയമുണ്ടായിട്ട് പരിശോധിക്കാതെ തന്റെ നെഞ്ചത്തേക്ക് കേറിയിട്ട് എന്തുകാര്യമെന്നും അന്‍വര്‍ ചോദിച്ചു.
തന്നെ ചവിട്ടിപ്പുറത്താക്കിയതുകൊണ്ട് പുറത്തുപോവില്ല. താന്‍ ആദ്യമേ പാര്‍ട്ടിക്ക് പുറത്താണ്. നിര്‍ത്തില്ല, പറഞ്ഞുകൊണ്ടേയിരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പ്രസംഗിക്കാന്‍ പോവുകയാണ്. നിലമ്പൂരില്‍ ഒരു ജീപ്പ് കെട്ടി അതിനുമുകളില്‍ കേറിനിന്ന് പറയും. ഒരാളും വരണ്ട. ഇപ്പോള്‍ പുറത്താക്കിയെന്നല്ലേ പറഞ്ഞത്. ഇനി തീപ്പന്തം പോലെ ഞാന്‍ കത്തും. പണ്ട് പരിമിതി ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വതന്ത്രമാണ്. ഈ കപ്പല്‍ ഒന്നായി മുങ്ങാന്‍ പോകാന്‍ പോകുകയാണെന്നും അന്‍വര്‍ പറഞ്ഞു.