by webdesk1 on | 28-09-2024 11:10:42
മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ അതിരൂക്ഷ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ച മുന്‍ ഭരണപക്ഷ എംഎല്‍എ പി.വി. അന്‍വറിനെ അവഹേളിച്ച് സി.പി.എം ജില്ലാ ഘടകം. പോരാളിയാണെന്ന് വീമ്പു പറയുന്ന അന്‍വര്‍ വെറും കോമാളിയാണെന്നാണ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ അവഹേളനം. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സി.പി.എം പ്രാദേശിക ഘടകം അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി തെരുവില്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ നേതൃത്വം തന്നെ അവഹേളന പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പി.വി. അന്‍വര്‍ ഇടതുപക്ഷക്കാരനാണെന്ന് പറയാന്‍ പറ്റില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കോടാലിക്കൈയായി അദ്ദേഹം മാറി. അദ്ദേഹത്തിന് നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജന്‍ഡകളുമുണ്ട്. അത് നടപ്പാക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദ്ദമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മോഹന്‍ദാസ് പറഞ്ഞു.
അദ്ദേഹത്തിന്റെ സമനില തെറ്റി എന്തൊക്കെയോ പറയുകയാണ്. മദയാനയെപ്പെലെയാണ് അദ്ദേഹമിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി തകര്‍ക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ആഗ്രഹം നടപ്പാകാന്‍ പോകുന്നില്ല. ഇതിനേക്കാള്‍ വലിയ ആളുകള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടുണ്ട്. അവര്‍ക്ക് കഴിയാത്തത് അന്‍വറിന് കഴിയില്ല.
സ്വതന്ത്രനായതുകൊണ്ട് പാര്‍ട്ടി അത്യാവശ്യം സ്വാതന്ത്ര്യം അദ്ദേഹത്തിന് കൊടുത്തതാണ്. അവസാനം മുറത്തില്‍ക്കയറി കൊത്തിയാല്‍ മിണ്ടാരിക്കാന്‍ പറ്റില്ലല്ലോ. ആരാണ് അന്‍വര്‍ എന്ന് ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അദ്ദേഹം വായ അടയ്ക്കും. കൊലക്കുറ്റമടക്കം എത്ര ക്രിമിനല്‍ കേസുകളുണ്ട് അദ്ദേഹത്തിന്റെ പേരില്‍. ഇതൊക്കെ നിലനില്‍ക്കെത്തന്നെ പാര്‍ട്ടി അദ്ദേഹത്തെ നിലമ്പൂരില്‍ രണ്ടുതവണയും ഒരിക്കല്‍ പൊന്നാനിയിലും സ്ഥാനാര്‍ഥിയാക്കി.
സ്വതന്ത്രന്മാരുടെ മഹത്വംകൊണ്ട് മാത്രമല്ല അവര്‍ അവിടെ ജയിച്ചത്. അന്‍വറിന് കിട്ടിയ ബഹുഭൂരിപക്ഷം വോട്ടുകളും സഖാവ് കുഞ്ഞാലി കെട്ടിപ്പടുത്ത പാര്‍ട്ടിയുടെതാണ്. എതിരാളികളെ തോല്പിക്കാന്‍ പറ്റിയ സ്വതന്ത്രരുണ്ടെങ്കില്‍ സി.പി.എം ഇനിയും മത്സരിപ്പിക്കും.
അദ്ദേഹത്തിന്റെ തെറ്റായ നീക്കങ്ങളെ അപ്പപ്പോള്‍ പാര്‍ട്ടി മനസ്സിലാക്കി തിരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും പത്രസമ്മേളനം വിളിച്ച് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്. ഇത്രയും വിശ്വസിക്കാന്‍ കൊള്ളാത്ത ആളായി അന്‍വര്‍. സാമൂഹികവിരുദ്ധരുടെയും മാഫിയകളുടെയും പ്രതിനിധിയാണദ്ദേഹം. ഇനി ആയിരക്കണക്കിന് നാവുകള്‍ അന്‍വറിനെതിരേ ഉയരും. കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അന്‍വര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.